Travel

പേരില്ലാത്ത റെയില്‍വേ സ്റ്റേഷനോ?, അതിന്റെ പിന്നിലും കാരണമുണ്ട്…

പേരില്ലാത്ത ഒരു റെയില്‍വേ സ്റ്റേഷന്‍. അതെന്താ അങ്ങനെ? റെയില്‍വേ സ്റ്റേഷനായാല്‍ പേര് വേണ്ടേ, അല്ലെങ്കില്‍ ആളുകള്‍ക്ക് എങ്ങനെ മനസിലാകും തുടങ്ങി പല ചോദ്യങ്ങളാണല്ലേ ഇപ്പോള്‍ നിങ്ങളുടെ മനസില്‍. പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു റെയില്‍വേസ്റ്റേഷനാണ് ഈ പേരില്ലാത്ത ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷന്‍. 2008 മുതലാണ് ഈ സ്റ്റേഷന് പേരില്ലാതായത്.

എന്തുകൊണ്ടാണ് ഈ സ്റ്റേഷന് പേരില്ലാതെ പോയത്

ഈ റെയില്‍വേസ്‌റ്റേഷന്‍ പ്രദേശത്തിന്റെ അധികാര പരിധിയെച്ചൊല്ലി രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണത്രെ ഇതിന് പേരില്ലാത്തത്. ബാങ്കുര-മസാഗ്രാം റെയില്‍വേ ലൈനില്‍ വരുന്ന റെയ്‌ന, റെയ്‌നഗര്‍ എന്നിവയാണ് ഗ്രാമങ്ങള്‍. ഈ സ്‌റ്റേഷന്റെ ആദ്യത്തെ പേര് റായ്‌നഗര്‍ എന്നായിരുന്നു. പക്ഷേ റെയ്‌ന നഗരത്തിലെ ആളുകള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. അവര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പക്ഷേ കോടതി പരാതി സ്വീകരിച്ചില്ല.

ഒരു ട്രെയിന്‍ ഓടുന്ന സ്റ്റേഷന്‍

പേരില്ലാത്തതുപോലെതന്നെ ഈ റെയില്‍വേ സ്‌റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ് ഈ സ്റ്റേഷനിലൂടെ ആകെ ഒരു ട്രെയിന്‍ മാത്രമേ ഓടുന്നുള്ളൂ എന്നത്. ബങ്കുറ പട്ടണത്തെയും മസാഗ്രാമിനെയും ബന്ധിപ്പിക്കുന്നതാണ് ആ ട്രെയിന്‍. ഒരു ദിവസം ആറ് തവണ ഈ ട്രെയിന്‍ സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ട്. ചിലപ്പോഴൊക്കെ ഇവിടെ ഇറങ്ങുന്ന സ്ഥലപരിചയമില്ലാത്ത ആളുകള്‍ വലയാറുണ്ട്. സ്റ്റേഷന്‍മാസ്റ്ററോടോ മറ്റോ ചോദിച്ചാണ് ഇവര്‍ സ്ഥലം മനസിലാക്കുന്നത്. സ്‌റ്റേഷന് നിലവില്‍ പേരില്ലെങ്കിലും പഴയ റെയില്‍വേസ്റ്റേഷന്റെ പേരിലാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.