India

നടന്‍ അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി പാര്‍ട്ടി നേതൃത്വം

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുനുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി പാര്‍ട്ടി നേതൃത്വം. സിനിമാ വ്യവസായവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ‘അനാവശ്യസംഘര്‍ഷം’ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പുഷ്പ 2 സിനിമ പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജ്ജുന്‍ എത്തിയ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചിരുന്നു ഇവരുടെ മകന്‍ ഗുരുതരപരിക്കേറ്റ് ചികിത്സയിലുമാണ്.

കേസ് കോടതിയില്‍ ആണെന്നും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുപരിപാടികളിലോ മാധ്യമങ്ങളിലോ പ്രതികരിക്കരുതെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ നല്‍കിയ നിര്‍ദേശം. തെലുങ്കു സിനിമ വ്യവസായം, പുഷ്പ 2, അല്ലു അര്‍ജുന്‍, മറ്റു താരങ്ങള്‍ എന്നിവരെക്കുറിച്ച് ആരോപണങ്ങളോ വിമര്‍ശനമോ വിവാദ പരാമര്‍ശങ്ങളോ നടക്കരുതെന്നാണ് കോണ്‍ഗ്രസ് തെലങ്കാന സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ നേതാക്കള്‍ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശിച്ചു.

പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലുവിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. കഴിഞ്ഞ ദിവസം അല്ലുവിന്റെ ബൗണ്‍സര്‍ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബൗണ്‍സര്‍മാര്‍ ആരാധകരെ തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.