കൊച്ചി: കലൂരിൽ നടത്തിയ നൃത്തപരിപാടിയിലെ പണപ്പിരിവിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴിയെടുത്തു. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്. കുട്ടികളുടെ പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇന്നലെ കേസെടുത്തിരുന്നു. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ വൻ രജിസ്ട്രേഷൻ കൊള്ള നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളിൽ നിന്ന് 1400 മുതൽ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകർക്ക് എതിരെയുളള ആരോപണം.
കുട്ടികളിൽ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയെന്നാണ് ആരോപണം. പരസ്യത്തിനായും വൻ തുക സംഘാടകർ പിരിച്ചുവെന്നും നൃത്ത അധ്യാപകർ പറഞ്ഞിരുന്നു. അതേ സമയം, അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന് സംഘാടകർക്ക് കോർപ്പറേഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. ഷോയുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ചും വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടും കോർപ്പറേഷൻ സംഘാടർക്ക് നോട്ടീസ് അയച്ചിരുന്നു.
കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന നൃത്ത പരിപാടിക്ക് സാധാരണഗതിയിൽ കോർപറേഷൻ നൽകുന്ന പിപിആർ ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് എടുക്കാതെയാണ് ഗ്യാലറിയിൽ സ്റ്റേജ് നിർമിച്ചാണ് സംഘാടകർ പരിപാടി നടത്തിയത്. ഇതിന് വിശദീകരണം നൽകണമെന്ന് റവന്യൂ വിഭാഗം നൽകിയ നോട്ടീസിൽ പറയുന്നു. ഷോയുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച് വിനോദ നികുതി വെട്ടിച്ചതിനാണ് രണ്ടാമത്തെ നോട്ടീസ്.
Add Comment