തൃശൂർ: തേക്കിൻകാട് മൈതാനിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം തേടി പൊലീസ്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളാണ് തൃശൂർ പാലിയംറോഡ് എടക്കളത്തൂർ വീട്ടിൽ ടോപ് റസിഡൻസിയിൽ ജോൺ ഡേവിഡിന്റെ മകൻ ലിവിന്റെ കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ രാതി 8.30 ഓട് കൂടി തൃശൂർ തേക്കിൻകാട് മൈതാനത്ത് വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയോട് ചേർന്ന മഴവെള്ള സംഭരണിക്കടുത്ത് പ്രതികൾ കഞ്ചാവ് വലിക്കുന്നത് ലിവിൻ ചോദ്യം ചെയ്തതാണ് കത്തിക്കുത്തിനു കാരണമായതെന്നും പൊലീസ് പറഞ്ഞു. കഞ്ചാവിന്റെ ഉപയോഗത്തിന് പുറമെ ഇരുവരും മദ്യലഹരിയിൽ കൂടി ആയിരുന്നു. അരമണിക്കൂറോളം നീണ്ട തർക്കത്തിനൊടുവിലാണ് പ്രതിയായ 14 കാരൻ കത്തിയെടുത്ത് ലിവിനെ കുത്തിയത്. നെഞ്ചിൽ ഏറ്റ ഒരു കുത്തിൽ തന്നെ ലിവിന്റെ മരണത്തിനിടയാക്കി. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളും മുൻപും ക്രിമിനൽ പശ്ചാത്തലുള്ളവരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുൻപ് ഇവർക്കെതിരെ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ പരാതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇവർ പ്രായത്തിന്റെ ആനുകൂല്യത്തിൽ രക്ഷപ്പെടുകയായിരുന്നു. സഹപാഠിയെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയതിന് പ്രതിയായ 14കാരനെ വില്ലടം സ്‌കൂളിൽ നിന്നും പുറത്താക്കിയിരുന്നു. ഇയാളുടെ പിതാവ് 2 വർഷം മുൻപ് പറവട്ടാനിയിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ മുൻ വൈരാഗ്യം ഇല്ലെന്നും പ്രതികളായ കുട്ടികൾ കഞ്ചാവിന് അടിമകളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പിക്കാൻ വൈദ്യ പരിശോധനയും പൊലീസ് നടത്തി. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ചത് 14 കാരന്റെ കത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Add Comment