കൊച്ചി: പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട് മനഃപൂര്‍വ്വമെന്ന് കരുതുന്നില്ലെന്നും പക്ഷെ ആ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ പൊലീസ് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി നീരീക്ഷിച്ചു.
സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും മുന്‍പ് ദേവസ്വം ബോര്‍ഡിനെയും സ്‌പെഷല്‍ കമ്മിഷണറെയും അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ഫോട്ടോയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഹൈക്കോടതിയിൽ ഹാജരായ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഇന്നലെ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 74,462 ഭക്തരെന്നും പൊലീസ് കോടതിയെ അറിയിച്ചു. ശബരിമല വിഷയങ്ങൾ പരിഗണിക്കവെയായിരുന്നു കോടതി പതിനെട്ടാം പടിയിൽ ഫോട്ടോയെടുത്ത വിഷയം പരിഗണിച്ചത്.
മാളികപ്പുറത്തെ തേങ്ങയുരുട്ടല്‍ ആചാരമല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആചാരമല്ലാത്ത നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പൊലീസുകാർ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എസ്എപി ക്യാംപിലെ പൊലീസുകാരാണ് ഫോട്ടോ എടുത്തത്. തിങ്കളാഴ്ച്ചയാണ് നടപടിക്കാസ്പദമായ ഫോട്ടോയെടുത്തത്. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എഡിജിപിയോട് വിശദീകരണം തേടുകയായിരുന്നു.
ശബരിമല പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്ത പൊലീസുകാരെ നല്ലനടപ്പിനായി തീവ്രപരിശീലനത്തിന് അയയ്ക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എത്ര ദിവസത്തേക്കാകും തീവ്രപരിശീലനം എന്ന് വ്യക്തമല്ല. കണ്ണൂരിലേക്ക് ഇവരെ തീവ്രപരിശീലനത്തിന് അയയ്ക്കാനാണ് തീരുമാനം. ശബരിമലയില്‍ ജോലിയില്‍ നിന്നും ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാനാവാത്ത വിധത്തിലുള്ള തീവ്ര പരിശീലനമായിരിക്കും നല്‍കുക.
Add Comment