പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാർഡില്‍ വ്യാഴാഴ്ചയും മോഷണത്തിനായി കുറുവസംഘമെത്തി. മോഷ്ടാവിനെ കണ്ട പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് പ്ലാംപറമ്ബില്‍ വിപിൻ ബോസിന് (26) ഏറ്റുമുട്ടലില്‍ പരിക്കേറ്റു.
കുറുവസംഘം തന്നെയാണ് മോഷണത്തിനു പിന്നിലെന്ന് ഏതാണ്ടു വ്യക്തമായിട്ടുണ്ട്.
കളർകോട് ചിന്മയ സ്കൂളിനു സമീപം വ്യാഴാഴ്ച രാത്രി ഹോട്ടലില്‍നിന്നു ഭക്ഷണം വാങ്ങുന്നതിനായി വീടിനു പുറത്തേക്കിറങ്ങിയ വിപിൻ തെരുവുവിളക്കിന്റെ വെട്ടത്തില്‍ എന്തോ ആളനക്കം കണ്ടു. അടുത്തേക്കു ചെന്നപ്പോഴാണ് ബർമൂഡ ധരിച്ച്, മുഖം തോർത്തുകൊണ്ടു മൂടിയനിലയില്‍ ഒരാള്‍ ഓടാൻ ശ്രമിക്കുന്നതു കണ്ടത്. ആറാംവാർഡില്‍ ബുധനാഴ്ചയും കുറുവസംഘം മോഷണംനടത്തിയിരുന്നു. ആ ഓർമ്മയില്‍ വിപിൻ മോഷ്ടാവിനെ കീഴ്പ്പെടുത്താൻ ശ്രമംനടത്തി. കളരിപ്പയറ്റു പരിശീലകനാണ് ഇദ്ദേഹം. എന്നാല്‍, ശരീരം മുഴുവൻ എണ്ണയിട്ടു വന്നിരുന്നതിനാല്‍ മോഷ്ടാവിനെ പിടി കിട്ടിയില്ല. കൈയിലെ ഇടിവള ഉപയോഗിച്ചു മൂക്കിനിടിച്ചു. ഇതേസമയം, മോഷ്ടാവിന്റെ മുഖത്തെ തോർത്ത് അഴിയുകയും വിപിൻ ആളെ വ്യക്തമായി കാണുകയും ചെയ്തു. മൂക്കില്‍നിന്നു ചോരവന്നതോടെ മോഷ്ടാവ് തമിഴില്‍ എന്തൊക്കെയോ പറയുകയും പോക്കറ്റില്‍നിന്നു കല്ലുപോലെ ഒരു ആയുധമെടുത്തു മുഖത്തിടിക്കുകയുമായിരുന്നു. ആക്രമണത്തില്‍ വിപിന്റെ ചുണ്ടിനു നിസ്സാര പരിക്കേറ്റു. മോഷ്ടാവ് അതിവേഗം മതില്‍ചാടി രക്ഷപ്പെട്ടു. വിപിൻ വിളിച്ചറിയിച്ചതനുസരിച്ച് പുന്നപ്ര പോലീസും സംഘവും സ്ഥലത്തെത്തി.
രാത്രിതന്നെ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി. മതിലിനപ്പുറം ഒരേക്കർ പറമ്ബിലൂടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഈ വഴിയിലൂടെ കുറച്ചുദൂരം നായയും മണംപിടിച്ചു സഞ്ചരിച്ചു. പോലീസ് വാഹനത്തില്‍ വിപിനെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സനല്‍കി. പോലീസ് ശേഖരിച്ചുവെച്ച കുറുവസംഘത്തിന്റെ ചിത്രങ്ങളും വിപിനെ കാണിച്ചു. ഇതില്‍ ഒരു ചിത്രം മോഷ്ടാവുമായി സാമ്യമുള്ളതാണെന്നു വിപിൻ തിരിച്ചറിഞ്ഞു. രേഖാചിത്രം വരയ്ക്കാൻ വിവരങ്ങള്‍ നല്‍കും.
ഇതിനിടെ മോഷ്ടാവെന്നു സംശയിച്ച് തമിഴ്നാട് തെങ്കാശി സ്വദേശിയെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ നിരപരാധിയാണെന്നു ബോധ്യപ്പെട്ടതോടെ വിട്ടയച്ചു. കുറുവ സംഘത്തെ പിടികൂടാൻ ജില്ലാ പോലീസ് മേധാവി രൂപവത്കരിച്ച ഏഴംഗ സ്ക്വാഡിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
വിപിനുമായി മല്‍പ്പിടിത്തം നടത്തുന്നതിനിടയില്‍ മോഷ്ടാവിനു മൂക്കിനേറ്റ മുറിവ് സാരമായതിനാല്‍ ചികിത്സയ്ക്കായി ഏതെങ്കിലും ആശുപത്രികളെ സമീപിക്കാൻ സാധ്യതയുള്ളതിനാല്‍ ആശുപത്രികള്‍ക്കും പോലീസ് നിർദേശം നല്‍കിയിട്ടുണ്ട്.
പുന്നപ്ര പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിലും ജില്ലാ പോലീസിന്റെ നേതൃത്വത്തിലും പട്രോളിങ് ശക്തമാക്കി. വ്യാഴാഴ്ച രാത്രിയില്‍ വിപിനെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. പകല്‍ ആക്രിപെറുക്കല്‍, തുണിവില്ക്കല് പോലെ ചെറിയ ജോലിയൊക്കെ ചെയ്തുനടക്കുന്നതിനാല് പ്രതികളെ പെട്ടെന്നു തിരിച്ചറിയാൻപാടാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം കുറുവസംഘത്തെ എത്രയുംവേഗം പിടികൂടുന്നതിനും കവർച്ചകള്‍ തടയുന്നതിനും പ്രത്യേക പോലീസ് അന്വേഷണസംഘത്തിനു രൂപംനല്കണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യമന്ത്രിക്കു കത്തു നല്കി.
കുറുവസംഘത്തിന്റേതെന്നു സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ആലപ്പുഴയില്‍ അടുത്തിടെയുണ്ടായത്. രാത്രികാല പോലീസ് പരിശോധന ശക്തമാക്കി എത്രയുംവേഗം മോഷണസംഘത്തെ പിടികൂടുന്നതിനാവശ്യമായ നടപടികള്‍ പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടാകണമെന്നും കെ.സി. ആവശ്യപ്പെട്ടു.
Add Comment