Kerala

സമാധി വിവാദം; ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സമാധി വിവാദത്തില്‍പ്പെട്ട നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഗോപന്റെ ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നു. പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുള്‍പ്പെടെയുള്ള അസുഖങ്ങള്‍ മരണകാരണമായോ എന്നറിയണമെങ്കില്‍ രാസപരിശോധനാ ഫലം ലഭിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അച്ഛന്‍ സമാധിയായെന്ന് പറഞ്ഞുകൊണ്ട് മക്കള്‍ പോസ്റ്റര്‍ പതിപ്പിച്ചതോടെയാണ് ആറാലുംമൂട് സ്വദേശി ഗോപന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. വീടിന് സമീപം ഗോപനെ മക്കള്‍ ചേര്‍ന്ന് സ്ലാബിട്ട് മൂടുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തെത്തിയതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നറിയാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ടായിരുന്നു.

പൊലീസും സബ് കളക്ടറും അടക്കം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. എന്നാല്‍ രാസപരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതവരികയുള്ളൂ.