Politics

എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ മുപ്പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. തിരുവനന്തപുരത്തെ എകെജി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ക്യൂബന്‍ അംബാസിഡര്‍ ജുവാന്‍ കാര്‍ലോസ് മാര്‍സന്‍ അഗ്യുലേര ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ 503 പ്രതിനിധികളും, 71 സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സമീപകാലത്ത് ഉയര്‍ന്ന നിരവധി വിവാദ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ആയേക്കും. സ്വകാര്യ സര്‍വകലാശാല ബില്‍ മുതല്‍ റാഗിങ് ആരോപണം വരെ ഒരുപിടി വിഷയങ്ങള്‍ക്കിടെയാണ് തലസ്ഥാനത്ത് സമ്മേളനം ചേരുന്നത്. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടക്കുന്ന പൊതുചർച്ചയിൽ പല വിഷയങ്ങളും ചര്‍ച്ചയായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. സ്വകാര്യ സര്‍വകലാശാല ബില്ലിലെ എസ്എഫ്‌ഐ നിലപാട് പ്രധാന ചർച്ചാ വിഷയമായേക്കും.

കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പും തുടര്‍സമരങ്ങളും, ഡി-സോണ്‍ കലോത്സവത്തിലെ സംഘര്‍ഷവും, തിരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങളും അടക്കം ചര്‍ച്ച ആയേക്കും. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ സെക്രട്ടറി ആര്‍ഷോ പദവിയിൽ നിന്നും മാറിയേക്കും. പ്രസിഡൻ്റ് പദവിയിലുള്ള അനുശ്രീ സെക്രട്ടറി പദവിലിയേയ്ക്ക് വന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. നാല് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനം 21ന് സമാപിക്കും.

About the author

KeralaNews Reporter

Add Comment

Click here to post a comment