Money

ഇന്റര്‍നെറ്റ് ഇല്ലാതെയും യുപിഐ പണമിടപാട് നടത്താം, എത്ര പേര്‍ക്ക് അറിയാം ഇത്?

ഇന്നത്തെ ഡിജിറ്റല്‍ കാലഘട്ടത്തില്‍ യുപിഐ എന്നത് ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. ചെറിയ ചായക്കട മുതല്‍ വലിയ ഷോപ്പിങ്ങുകള്‍ക്ക് വരെ യുപിഐ പണമിടപാടാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്. ഇതിനിടെ സ്വിച്ച് ഓഫാകുന്ന ഫോണും ഇന്റര്‍നെറ്റ് ഇല്ലാത്തതുമെല്ലാം ഇടക്കിടക്ക് നമുക്ക് പണി തരാറുമുണ്ടല്ലേ. എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും യുപിഐ പണമിടപാട് നടത്താം എന്ന് എത്ര പേര്‍ക്ക് അറിയാം? ഇന്റര്‍നെറ്റ് ഇല്ലാതെയും യുപിഐ പണമിടപാട് സാധ്യമാക്കുന്ന സംവിധാനത്തിന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) അംഗീകാരം നല്‍കിയിട്ടുണ്ട്.

ഒഫീഷ്യല്‍ യുഎസ്എസ്ഡി(അണ്‍സ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) ഡയല്‍ ചെയ്യുന്നതിലൂടെ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുക, ബാലന്‍സ് ചെക്ക് ചെയ്യുക, യുപിഐ പിന്‍ സെറ്റ് ചെയ്യാനും മാറ്റം വരുത്താനും ഉള്‍പ്പടെ ഈ സംവിധാനത്തിലൂടെ സാധിക്കും.

USSD കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതെങ്ങനെ?

  • ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണില്‍ നിന്ന് *99# ഡയല്‍ ചെയ്യുക.
  • വരുന്ന നിര്‍ദേശാനുസരണം ഏത് ഭാഷയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കുക.
  • ഏത് സേവനമാണ് വേണ്ടതെന്ന് സെലക്ട് ചെയ്യുകയാണ് അടുത്ത പടി. അതായത് പണം അയക്കാനാണോ, ബാലന്‍സ് ചെക്ക് ചെയ്യേണ്ടതാണോ ആവശ്യം, ട്രാന്‍സാക്ഷന്‍സ് വിവരങ്ങള്‍ ചെക്ക് ചെയ്യാനാണോ തുടങ്ങി ഏത് സേവനമാണ് ആവശ്യമെന്നത് വ്യക്തമാക്കണം.
  • നിര്‍ദേശാനുസരണം 1 സെലക്ട് ചെയ്ത് പണം അയക്കാന്‍ സാധിക്കും. ആര്‍ക്കാണ്, എങ്ങനെയാണ് പണം അയക്കേണ്ടതെന്നും സെലക്ട് ചെയ്ത് നല്‍കണം.
  • മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പണം അയക്കുന്നതെങ്കില്‍ പണം അയക്കേണ്ടയാളുടെ നമ്പര്‍ സെലക്ട് ചെയ്ത്, എത്ര രൂപയാണ് അയക്കേണ്ടത് എന്നതും വ്യക്തമാക്കിയ ശേഷം Send പ്രസ് ചെയ്ത് പണം അയക്കാവുന്നതാണ്.
  • ഇടപാട് സംബന്ധിച്ചുള്ള റിമാര്‍ക്ക് ആവശ്യമെങ്കില്‍ രേഖപ്പെടുത്താവുന്നതാണ്.
  • യുപിഐ പിന്‍ നല്‍കി ട്രാന്‍സാക്ഷന്‍ അവസാനിപ്പിക്കാം.
Tags