പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പത്തനംതിട്ട സിപിഐഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന സംഭവം ഹാക്കിങ്ങ് അല്ലെന്ന് കണ്ടെത്തി. വീഡിയോ അപ്ലോഡ് ചെയ്തതാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ സിപിഐഎം ജില്ലാ നേതൃത്വം. അഡ്മിന്‍മാരില്‍ ഒരാളാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നാണ് നിഗമനം. വിഷയത്തെ തുടർന്ന് അഡ്മിന്‍ പാനലില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ നേതൃത്വം.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സിപിഐഎം ഔദ്യോഗിക പേജില്‍ ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെ രാഹുലിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 63,000ത്തോളം ഫോളോവേഴ്സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വീഡിയോ നീക്കം ചെയ്തു.
വിഷയത്തില്‍ എസ്പിക്ക് പരാതി കൈമാറിയതായാണ് സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചത്. എന്നാല്‍ രേഖമൂലം പരാതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു. വിഡിയോ വിവാദമായപ്പോള്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആദ്യം പ്രതികരിച്ചത്. ദൃശ്യം പോസ്റ്റ് ചെയ്തതിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലും കൂട്ടരുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സാങ്കേതികമായി എഫ്ബി പേജില്‍ നുഴഞ്ഞുകയറാന്‍ കഴിയുന്ന ആളുകളെ വെച്ച് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പത്തനംതിട്ടയിലും പാലക്കാടും സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
Add Comment