Lifestyle

സുനാമിത്തിരകളില്‍ നിന്ന് രക്ഷിച്ച രണ്ടുവയസ്സുകാരിയുടെ കല്യാണം; കുറിപ്പുമായി ഐഎഎസ് ഓഫിസറായ ജെ.രാധാകൃഷ്ണന്‍

2004 ഡിസംബര്‍ 26, സുനാമി തിരകള്‍ ഇന്ത്യന്‍ തീരങ്ങളെ വിഴുങ്ങി, മനുഷ്യജീവനുകള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ കവര്‍ന്നെടുത്ത ദിനം. തമിഴ്‌നാട് തീരങ്ങളില്‍ ആഞ്ഞടിച്ച രാക്ഷസത്തിരമാലകളോട് പോരാടി ജീവന്‍ തിരിച്ചുപിടിച്ചവര്‍ക്കുള്ള പുനരധിവാസമുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനങ്ങളുമായി അന്ന് മുന്നില്‍ നിന്ന ഉദ്യോഗസ്ഥനായിരുന്നു ഐഎഎസ് ഓഫീസറായ ജെ.രാധാകൃഷ്ണന്‍. അന്ന് തിരമാലകളുടെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ നിലംപതിച്ച വീടുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് അവര്‍ കണ്ടെത്തിയ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു മീന. അവളുടെ അച്ഛനും അമ്മയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി അവള്‍ക്ക് പിന്നീട് അച്ഛനും അമ്മയുമായത് രാധാകൃഷ്ണനും ഭാര്യ കൃതികയുമാണ്. മീന മാത്രമായിരുന്നില്ല സുനാമി തിരകളില്‍ നിന്ന് ജീവന്‍ മാത്രം തിരിച്ചുലഭിച്ച അവളെ പോലുള്ള ഒരുപാട് കുഞ്ഞുങ്ങള്‍ക്ക് അവര്‍ രക്ഷിതാക്കളായി.

വര്‍ഷങ്ങള്‍ മുന്‍പുള്ള ആ ഓര്‍മയിലേക്ക് രാധാകൃഷ്ണനെ തിരിച്ചുനടത്തിയത് മീനയുടെ വിവാഹമാണ്. തന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുനടന്ന രണ്ടുവയസ്സുകാരി ജീവിതത്തിലെ സുപ്രധാനമായ മറ്റൊരു വഴിത്തിരിവിലേക്ക് പ്രവേശിക്കുന്നത് ആനന്ദാശ്രുക്കളോടെയാണ് രാധാകൃഷ്ണന്‍ വിവരിക്കുന്നത്. മീനയ്‌ക്കൊപ്പം അന്നു ചില്‍ഡ്രന്‍സ് ഹോമിലേക്ക് എത്തിയ സൗമ്യയും കുടുംബവും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.’നാഗപട്ടണത്തുവച്ച് നടന്ന മീനയുടെയും മണിമാരന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. സുനാമിക്ക് ശേഷം നാഗായിലെ കുട്ടികളുമൊത്തുള്ള യാത്ര പ്രതീക്ഷയില്‍ മാത്രം ഊന്നിക്കൊണ്ടുള്ളതായിരുന്നു. മീനയും സൗമ്യയും വലിയൊരു ദുരന്തത്തെ അതിജീവിച്ചവരാണ്. അവരുടെ അതിജീവനശേഷി എടുത്തുപറയേണ്ടതാണ്. സൗമ്യയും സുഭാഷും കുഞ്ഞുസാറയും അവരുടെ പ്രിയപ്പെട്ട സുഹൃത്തിന്റെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കുന്ന കാഴ്ച ആരുടെയും മനംകവരുന്നതാണ്.’ രാധാകൃഷ്ണന്‍ കുറിക്കുന്നു.

കുട്ടികളെ പഠിപ്പിച്ച് പുതിയ ഉയരങ്ങളിലെത്തിച്ച മലര്‍വിഴി മണിവണ്ണന്‍ എന്നിവരെയും അദ്ദേഹം അഭിനന്ദിക്കുന്നു. ആ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കണ്ണുനിറയുന്നതായും രക്തബന്ധത്തേക്കാള്‍ വലിയ ബന്ധമാണ് ഇവര്‍ക്കിടയിലുള്ളതെന്നും രാധാകൃഷ്ണന്‍ കുറിക്കുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment