Kerala

അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി

ആലുവ: മാർക്കറ്റ് ഭാഗം കൈയേറിയ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി. മാർക്കറ്റിന്റെ മുൻ വശം മുതല്‍ സീമാസ് വരെയുള്ള സർവീസ് റോഡിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരടക്കം എത്തിയത്.

ഒരു വനിത ഹെല്‍ത്ത് ഇൻസ്പെക്ടറും രണ്ട് വനിത ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരും നഗരസഭ തൊഴിലാളികളുമാണ് വാഹനങ്ങളുള്‍പ്പെടെ എത്തിയത്. ശനിയാഴ്ച്ച രാവിടെ 8.30 ഓടെയാണ് സംഭവം. റോഡിലും മറ്റും കൈയേറി വച്ചിരുന്ന സാധനങ്ങള്‍ നീക്കം ചെയ്യാനെത്തിയ ജീവനക്കാരെ സംഘം ചേർന്നെത്തിയ കച്ചവടക്കാർ തടയുകയായിരുന്നു.

തുടർന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. വനിത ജീവനക്കാരെ കേട്ടാലറക്കുന്ന വാക്കുകളുപയോഗിച്ച്‌ തെറിയഭിഷേകം നടക്കുകയായിരുന്നു. ഇതേ തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചെങ്കിലും അവർ തിരിഞ്ഞ് നോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. കച്ചവടക്കാരുടെ എതിർപ്പിനെ ശക്തമായി നേരിട്ട ജീവനക്കാർ കൈയേറ്റം ഒഴിപ്പിച്ചാണ് മടങ്ങിയത്.

കഴിഞ്ഞയാഴ്ച്ച ഇത്തരത്തില്‍ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ കച്ചവടക്കാർ വീണ്ടും എത്തുകയായിരുന്നു. വ്യാപാരികള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ജീവനക്കാർ റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. ഭീഷണിപ്പെടുത്തുന്നവരുടെ വീഡിയോ, ഫോട്ടോ എന്നിവ സഹിതമാണ് പരാതി നല്‍കിയത്.