Kerala

മഞ്ചേരിയിൽ അന്ധവിശ്വാസത്തിൻ്റെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് വനിതാ കമ്മീഷൻ ഉത്തരവ്

മഞ്ചേരിയില്‍ വീട് കേന്ദ്രീകരിച്ച്‌ അന്ധവിശ്വാസത്തിൻ്റെ മറവില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നെന്ന പരാതിയില്‍ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി.

മലപ്പുറം കളക്ടറേറ്റില്‍ നടന്ന വനിത കമ്മീഷൻ അദാലത്തില്‍ മഞ്ചേരി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് മഞ്ചേരി പൊലീസ്, ജില്ല വനിത സംരക്ഷണ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നല്‍കാൻ ആവശ്യപ്പെട്ടത്.

പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ അന്ധവിശ്വാസത്തിനിരയാക്കുകയും അതിൻ്റെ മറവില്‍ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് ഈ കേന്ദ്രത്തില്‍നിന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ രക്ഷിച്ച സന്നദ്ധ സംഘടന പ്രവർത്തകർ നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലും നിയമ നടപടിയും സ്വീകരിക്കാൻ വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ അഡ്വ. പി. സതീദേവി നിർദ്ദേശം നല്‍കി. ഇത്തരം ചൂഷണങ്ങള്‍ തടയാനുള്ള നിയമ നിർമ്മാണത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ ആവശ്യപ്പെട്ടു.

മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമീഷൻ അദാലത്തില്‍ 56 പരാതികളാണ് പരിഗണനക്ക് വന്നത്. 12 പരാതികള്‍ തീര്‍പ്പാക്കി. എട്ടെണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 36 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കാനായി മാറ്റി. ചെയര്‍പേഴ്‌സന് പുറമെ വനിത കമീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, മഹിളാമണി എന്നിവര്‍ പരാതികള്‍ കേട്ടു. അഡ്വ. സുകൃതകുമാരി, വനിത കമീഷന്‍ ലോ ഓഫീസര്‍ എന്നിവര്‍ അദാലത്തില്‍ സംബന്ധിച്ചു.