India

നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് ശരിവച്ചിട്ടില്ലെന്ന് യമന്‍ എംബസി

ന്യൂഡല്‍ഹി: യമനില്‍ കൊലക്കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് ശരിവച്ചിട്ടില്ലെന്ന് യമന്‍ എംബസി. വധശിക്ഷ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി അംഗീകരിച്ചിട്ടില്ലെന്ന് ന്യൂഡല്‍ഹിയിലെ യെമന്‍ എംബസി വ്യക്തമാക്കി.

നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. കേസ് കൈകാര്യം ചെയ്തതുംഹൂതികളാണ്. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്. ഇദ്ദേഹത്തെ വിമത പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ഉത്തരവിനെ യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ ചെയര്‍മാനായ ഡോ. റാഷിദ് അല്‍-അലിമി വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നാണ് എംബസിയുടെ വിശദീകരണം.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.