Local

സോളാർ പാനൽ ഘടിപ്പിക്കുന്നതിനായി കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് പിടിവിട്ട് താഴെ വീണ് മരിച്ചു

ആലുവ: സോളാർ പാനൽ ഘടിപ്പിക്കുന്നതിനായി കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് പിടിവിട്ട് താഴെ വീണ് മരിച്ചു. ഏലൂർ വടക്കുംഭാഗം മണലിപ്പറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെയും സനജയുടെയും മകൻ നിഖിലാ(31)ണ് മരിച്ചത്. കടുങ്ങല്ലൂർ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ടെക്സ് ഇൻഡ്യ എന്ന കമ്പനിയിലെ ഇലക്ട്രീഷ്യനാണ് നിഖിൽ.

കമ്പനിയുടെ മുകളിൽ സോളാർ പാനൽ ഘടിപ്പിക്കുന്നതിനായി വ്യാഴാഴ്ച വൈകിട്ടാണ് നിഖിൽ കയറിയത്. ജോലി ചെയ്യുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ നിഖിലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ലക്ഷ്മിയാണ് ഭാര്യ. മകൾ: നന്ദന.