കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസില്‍ കസ്റ്റഡിയിലായിരുന്ന പ്രതികള്‍ കുറ്റം സമ്മതിച്ചു.
എംടിയുടെ നടക്കാവിലെ വീട്ടിലെ പാചകക്കാരയും ബന്ധുവുമാണ് കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച സ്വർണം കോഴിക്കോടുള്ള വിവിധ കടകളില്‍ വില്‍പ്പന നടത്തിയെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
ഇരുവരെയും ഇന്ന് രാവിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരെയാണ് പിടികൂടിയത്.
26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. എംടിയുടെ ഭാര്യയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭച്ചിരുന്നു. ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ ഇതില്‍ ഉണ്ട്. കഴിഞ്ഞ ദിവസം സ്വർണം പരിശോധിച്ചപ്പോഴാണ് മോഷണം പോയതായി വ്യക്തമായത് എന്നാണ് സരസ്വതിയുടെ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ മാസം 22 നും 30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത് എന്നും ഇവർ പോലീസിനോട് പറഞ്ഞിരുന്നു. സ്വർണം ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ലോക്കറില്‍ ഇതില്ല. ഇതോടെയാണ് ആഭരണങ്ങള്‍ മോഷണം പോയതായി വ്യക്തമായത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മല്‍, ലോക്കറ്റ്, മരതകം പതിച്ച ലോക്കറ്റ് എന്നിവയാണ് കാണാതെ ആയത്.
Add Comment