Local

ആലപ്പുഴയിൽ വീണ്ടും കുറുവാ സംഘത്തിൻ്റെ മോഷണം, പ്രദേശം ഭീതിയിൽ

ആലപ്പുഴയില്‍ ഭീതി പടര്‍ത്തി കുറുവാ സംഘം. പുന്നപ്ര തൂക്കുകുളത്ത് ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു.

ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു മോഷണം. രണ്ടാഴ്‌ച്ചക്കിടെ നാല് വീടുകളിലാണ് കുറുവാ സംഘം മോഷണം നടത്തിയത്. ആക്രമിക്കാൻ പോലും മടിയില്ലാത്ത മോഷ്ടാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും മോഷണ പരമ്ബര തുടരുകയാണ്.

അമ്മയുടെ ഒന്നരപ്പവന്‍ മാലയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷ്ടിച്ചത്. മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ വീട് ഉള്‍പ്രദേശത്തായതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. മാരകായുധങ്ങളുമായെത്തി അടുക്കള വാതില്‍ പൊളിച്ച്‌ മോഷണം നടത്തുന്ന കുറുവാ സംഘം ചൊവ്വാഴ്ച മാത്രം മൂന്ന് വീടുകളിലാണ് കയറിയത്.

മണ്ണഞ്ചേരി കോമളപുരത്ത് കഴിഞ്ഞ ദിവസം രാത്രി രണ്ട് വീടുകളില്‍ കുറുവ സംഘം കവര്‍ച്ച നടത്തി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കുറുവാ സംഘമാണെന്ന് സ്ഥിരീകരിച്ചത്. ചേര്‍ത്തല, കരീലകുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 30ന് നേതാജിയില്‍ ജംഗ്ഷനിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മുഖം മറച്ച്‌ അര്‍ധ നഗ്‌നരായി ആയുധമേന്തിയാണ് ഇവര്‍ മോഷണം നടത്താറ്.

ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറുവാ സംഘം കറങ്ങി നടക്കുന്നത്. പോലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല.