കിട്ടുന്ന പണം എവിടെയെങ്കിലും സുരക്ഷിതമായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പണം നിക്ഷേപിക്കാന്‍ പല പല മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും സാധാരണക്കാര്‍ എപ്പോഴും ബാങ്കിനെയാണ് നിക്ഷേപത്തിനായി ആശ്രയിക്കുന്നത്. ഇക്കാലത്ത് ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും ചുരുക്കമാണ്. കിട്ടുന്ന പണമെല്ലാം കൂട്ടിവയ്ക്കാനായി ബാങ്കുകളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്.
ആവശ്യമുളള രേഖകള്‍ കൈയ്യില്‍ കരുതുക
ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടത്തുന്നതിന് ആവശ്യമായ ചില രേഖകളുണ്ട്. ബാങ്കില്‍ ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ ഡെപ്പോസിറ്റ് ചെയ്യണമെങ്കില്‍ ബാങ്ക് ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനം കെവൈസി ആണ്. ബാങ്ക് ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കാത്തവര്‍ക്ക് 25 ശതമാനം അധിക ചാര്‍ജ്ജും 4 ശതമാനം സെസും ഉള്‍പ്പടെ 60 ശതമാനം വരെ ആദായ നികുതി നല്‍കേണ്ടിവരും. മാത്രമല്ല വരുമാന ശ്രോതസുകള്‍ വെളിപ്പെടുത്താത്തവര്‍ക്ക് നോട്ടീസ് അയയ്ക്കാനും 60 ശതമാനം നികുതി ഈടാക്കാനും ആദായ നികുതി വകുപ്പിന് കഴിയും.
പണത്തിന്റെ ഉറവിടം വ്യക്തമാക്കണം
ആദായനികുതി നിയമം അനുസരിച്ച് സേവിംഗ്‌സ് അക്കൗണ്ട് ഉള്ള ഒരാള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആ വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടതുണ്ട്. അതുപോലെ ഒരാളുടെ കറണ്ട് അക്കൗണ്ടിന്റെ പരിധി 50 ലക്ഷമാണ്. എന്നാല്‍ ഉറവിടം വ്യക്തമാക്കാതിരുന്നാല്‍ 60 ശതമാനം വരെ ആദായനികുതി അടയ്‌ക്കേണ്ടതായി വരും.
കൃത്യമായി ഉറവിടം കാണിക്കാന്‍ കഴിയുമെങ്കില്‍ ഒരാള്‍ക്ക് എത്രരൂപ വേണമെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കാം. 10 ലക്ഷം രൂപയില്‍ കൂടുതല്‍ ഒരു വര്‍ഷം നിക്ഷേപിച്ചാല്‍ ബാങ്ക് ഇക്കാര്യം ആദായനികുതി വകുപ്പിനെ അറിയിക്കും. അപ്പോള്‍ വരുമാനത്തിന്റെ ഉറവിടം കാണിക്കേണ്ടതായി വരും. നിയമവിരുദ്ധമായ സാമ്പത്തിക ക്രമക്കേടുകള്‍ തടയുന്നതിന് വേണ്ടിയാണ് ഈ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പാന്‍കാര്‍ഡും ബാങ്ക് ഇടപാടും
ബാങ്ക് ഇടപാടും പാന്‍കാര്‍ഡും തമ്മില്‍ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. 50,000 രൂപയോ അതില്‍ കൂടുതലോ ബാങ്കില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും പാന്‍കാര്‍ഡ് ആവശ്യമാണ്.
നിങ്ങള്‍ ബാങ്കിലിട്ടിരിക്കുന്ന മുഴുവന്‍ തുകയും സുരക്ഷിതമാണോ?
പലര്‍ക്കും ഉളള ഒരു ചോദ്യമാണ് നാം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയെല്ലാം സുരക്ഷിതമാണോ എന്നത്. അല്ല എന്നതാണ് വാസ്തവം. കാരണം നാം ബാങ്കില്‍ നിക്ഷേപിക്കുന്ന നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗ്യാരന്‍ഡി കോര്‍പ്പറേഷന്‍ (ഡിഐസിജിസി) ആണ്. എത്ര രൂപ നിങ്ങള്‍ നിക്ഷേപിച്ചാലും അഞ്ച് ലക്ഷം രൂപയ്ക്ക് മാത്രമേ ഇന്‍ഷുറന്‍സ് ലഭിക്കുകയുള്ളൂ.
Add Comment