Politics

ചേലക്കരയിലെ ജനങ്ങൾ കൈവിടില്ലെന്ന പ്രതീക്ഷയുണ്ട്; എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്

തൃശൂർ: ചേലക്കരയിലെ ജനങ്ങൾ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് എൽഡിഎഫെന്ന് ചേലക്കരയുടെ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുമ്പോൾ നിരവധി പേർ ചെയ്യേണ്ട ഓരോ കാര്യങ്ങളായി വന്ന് ഓർമിപ്പിക്കാറുണ്ടെന്നും യു ആർ പ്രദീപ് പറഞ്ഞു. ജനങ്ങൾ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. മികച്ച വിജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചേലക്കരയിലെ ജനങ്ങൾ വിശ്വാസം അർപ്പിച്ചിട്ടുണ്ട്. പലരും ചെയ്യേണ്ട ഓരോ കാര്യങ്ങളായി വന്ന് ഓർമിപ്പിക്കാറുണ്ട്. അപ്പുറത്ത് എന്തൊക്കെ നടന്നാലും ശരി, ജനങ്ങൾക്ക് ഞങ്ങളിൽ ഒരു വിശ്വാസമുണ്ട്. 96 മുതൽ ജനം ഞങ്ങളിൽ വിശ്വാസം അർപ്പിക്കുന്നുണ്ട്. മികച്ച വിജയം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും യു ആർ പ്രദീപ് പറഞ്ഞു.

‘ഉത്സവം എന്ന് പറയുമ്പോൾ വെടിക്കെട്ടും മറ്റ് ആഘോഷങ്ങളുമൊക്കെ കാണാൻ നിരവധി പേർ പല സ്ഥലത്തുനിന്നായി എത്താറുണ്ട്. കേന്ദ്ര മാനദണ്ഡത്തിൽ പറയുന്ന വിഷയങ്ങൾ സംബന്ധിച്ച് ​ഗ്രാമീണ പ്രദേശങ്ങളിൽ മാറ്റം കൊണ്ടുവരാൻ കമ്മിറ്റിക്കും സാധിക്കുന്നില്ല, കണ്ണടയ്ക്കാനും നിയമത്തിൽ സാധിക്കുന്നില്ല. ക്ഷേത്ര ഉപദേശക സമിതിയിൽ എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവരുമുണ്ട്. പരമാവധി വേ​ഗത്തിൽ അവരാവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. അത് ജനങ്ങളെ ബോധ്യപ്പെടുത്തുക മാത്രമേ നിലവിൽ ചെയ്യാനുള്ളൂ’, യു ആർ പ്രദീപ് വ്യക്തമാക്കി.

തൃശൂർ പൂരം കലക്കൽ സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് ചേലക്കരയിലെ പൂരം കലക്കലിനെ കുറിച്ച് ആരോപണങ്ങളുമായി ബിജെപിയും കോൺ​ഗ്രസും രം​ഗത്തെത്തിയിരിക്കുന്നത്. ചേലക്കരയിലെ പ്രശസ്തമായ അന്തിമഹാകാളൻ കാവിലെ വെടിക്കെട്ട് രണ്ടുവർഷമായി മുടങ്ങിയിട്ടും ദേവസ്വം മന്ത്രിയായിരുന്ന സ്ഥലം എംഎൽഎ കെ രാധാകൃഷ്ണൻ ഇടപെട്ടില്ലെന്നാണ് യുഡിഎഫും ബിജെപിയും ഉയർത്തുന്ന ആരോപണം. വോട്ട് പിടിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളെ പ്രതികരിച്ച് വഷളാക്കേണ്ടെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്.

അതേസമയം വിഷയം രാഷ്ട്രീയ വിവാദമാക്കരുതെന്ന് ക്ഷേത്ര ഉപദേശക സമിതി അംഗം സുരേഷ് കുമാർ ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനായി വിഷയത്തെ ഉപയോഗിക്കരുതെന്നും നിയമത്തിൽ ഇളവ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ചേലക്കരക്കാരുടെ വൈകാരിക വിഷയമാണ് വെടിക്കെട്ട്. അതിൽ രാഷ്ട്രീയം കലർത്തരുതെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

About the author

KeralaNews Reporter

Add Comment

Click here to post a comment