Kerala

കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ പ്രതികളായ ഭരണ സമിതി അംഗങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

കൊല്ലം: യുഡിഎഫ് നിയന്ത്രണത്തിലുള്ള കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ പ്രതികളായ ഭരണ സമിതി അംഗങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. പ്രതികളായ 12 ഭരണസമിതി അംഗങ്ങളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം.

120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് കൊല്ലൂര്‍വിള സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. അന്‍സാര്‍ അസീസ് പ്രസിഡന്റ് ആയ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിക്കാണ് സഹകരണ ബാങ്കിന്റെ നിയന്ത്രണം. പ്രതികള്‍ക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നായിരുന്നു മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവില്‍ നേരത്തെ ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും മധ്യസ്ഥതയിലൂടെ തര്‍ക്കം പരിഹരിച്ചാലും ക്രിമിനല്‍ കുറ്റം ഇല്ലാതാകില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണവും സുപ്രീം കോടതി ശരിവെച്ചു.

കൊല്ലൂര്‍വിള സഹകരണ ബാങ്കിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. സഹകരണ രജിസ്ട്രാറുടെ ഓഡിറ്റില്‍ 120 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സഹകരണ രജിസ്ട്രാറുടെ പരാതിയെ തുടര്‍ന്ന് ഇരവിപുരം പൊലീസ് നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

About the author

KeralaNews Reporter

Add Comment

Click here to post a comment