പുതുവര്‍ഷത്തില്‍ റെയില്‍വേയുടെ വകയും പുത്തന്‍ സമ്മാനം. ജനുവരി ഒന്ന് മുതല്‍ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. തിരുവനന്തപുരം മുതല്‍ മംഗലൂരു വരെയുള്ള ട്രെയിനുകളാണ് ഒന്നാം തീയ്യതി മുതല്‍ സമയം മാറി യാത്ര നടത്തുക.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, തിരുവനന്തപുരം-മംഗളൂരു ഏറനാട്, മംഗളൂരു-തിരുവനന്തപുരം മലബാര്‍ തുടങ്ങിയ ട്രെയിനുകളെ സമയമാണ് മാറിയത്.
നിലവില്‍ 5.25ന് പുറപ്പെട്ടിരുന്ന തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) അഞ്ച് മിനിറ്റ് നേരത്തെ പുറപ്പെടും. രാവിലെ 5.05ന് പുറപ്പെട്ടിരുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് (16303) അഞ്ച് മിനിറ്റ് വൈകി 5.10ന് പുറപ്പെടും.
തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) 3.40നും എറണാകുളം-ബിലാസ്പൂര്‍ സൂപ്പര്‍ഫാസ്റ്റ് (22816) 8.40ന് പുറപ്പെടും. കൂടാതെ പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തിലും മാറ്റം വരും. എറണാകുളം-കൊല്ലം പാസഞ്ചര്‍ (06769) 5.15ന് കൊല്ലത്ത് എത്തിച്ചേരും. എറണാകുളം-കൊല്ലം പാസഞ്ചര്‍ (06777) രാവിലെ 9.50നും എത്തിച്ചേരുന്നതായിരിക്കും.
കൊച്ചുവേളി-നാഗര്‍കോവില്‍ (06429) ജനുവരി ഒന്ന് മുതല്‍ 1.25നും നാഗര്‍കോവില്‍-കൊച്ചുവേളി (06439) 8.10നും പുറപ്പെടും. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് എറണാകുളത്ത് പുലര്‍ച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നുമെത്തും. ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് 10.20നായിരിക്കും ചെന്നൈയില്‍ നിന്ന് പുറപ്പെടുക. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് 4.35നും പുറപ്പെടും.
മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ്, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് എന്നിവ 15 മിനിറ്റും മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ 40 മിനിറ്റും വേഗം കൂടും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരം കൊച്ചുവേളി വരെ അനുവദിച്ച സ്‌പെഷ്യല്‍ മെമു സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ആരംഭിച്ച സര്‍വീസ് ഇന്ന് കൂടി മാത്രമേയുണ്ടാകുകയുള്ളു.
ഇതുവരെ ജൂലൈ ഒന്ന് മുതലായിരുന്നു ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിരുന്നത്. ജൂലൈ ഒന്നിന് വരുത്തുന്ന ട്രെയിനുകളുടെ സമയക്രമം അടുത്ത ജൂണ്‍ 31 വരെയായിരുന്നു നിലനില്‍ക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഈ പതിവ് ഒഴിവാക്കുകയും 2025 ജനുവരി ഒന്ന് മുതല്‍ പുതിയ ടൈംടേബിള്‍ വരുത്തുന്ന രീതിയില്‍ ക്രമീകരിക്കുകയുമായിരുന്നു.
Add Comment