തിരുവനന്തപുരം: സീ പ്ലെയിന്‍ ഡാമുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വരാന്‍ പോകുന്നത് ജനാധിപത്യ സീ പ്ലെയിന്‍ പദ്ധതിയാണ്. ഡാമുകള്‍ കേന്ദ്രീകരിച്ചുള്ള സി പ്ലൈനിന് എതിര്‍പ്പ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നവര്‍ സ്വയം കണ്ണാടിയില്‍ നോക്കണമെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫിനെ പോലെ പദ്ധതി അടിച്ചേല്‍പ്പിക്കില്ല. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമാണ് പദ്ധതി നടപ്പിലാക്കുക. തൊഴിലാളി സംഘടനകള്‍ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. തൊഴിലാളി സംഘടനകള്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തെകുറിച്ച് പരമാവധി ചർച്ചകൾ നടത്തും. വിനോദസഞ്ചാര മേഖലയ്ക്ക് പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നടക്കുന്ന സംഭവവികാസങ്ങള്‍ വട്ടിയൂര്‍ക്കാവിന്റെ വേര്‍ഷന്‍ ടുവാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ഫണ്ട് നിഷേധിച്ചപ്പോള്‍ കേന്ദ്രത്തിനെതിരെ എംഎല്‍എമാര്‍ മിണ്ടിയില്ല. ബിജെപി രാഷ്ട്രീയത്തിനെതിരെ ശബ്ദിക്കുന്ന എംഎല്‍എയാണ് വേണ്ടതെന്നാണ് ജനം ചിന്തിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഡല്‍ഹിയിലാണ് ട്രാക്ടര്‍ ഓടിക്കേണ്ടിയിരുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും ഒരു ട്രാക്ടര്‍ മതി. രണ്ടുകൂട്ടര്‍ക്കും ഒരേ മുദ്രാവാക്യമാണ്. മതനിരപേക്ഷ മനസ്സുള്ളവര്‍ക്ക് ഇനി കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ല. പാലക്കാട് മത്സരം നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപിക്ക് ഓക്‌സിജന്‍ നല്‍കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്.
ബിജെപി വിരുദ്ധ രാഷ്ട്രീയം പയറ്റാന്‍ പ്രതിപക്ഷ നേതാവ് തയ്യാറല്ല. പാലക്കാട് തിരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ക്ക് പോലും ആത്മവിശ്വാസം ഇല്ല. ബിജെപിയെ സഹായിക്കാനാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പറയുന്നതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
Add Comment