ന്യൂഡൽഹി: കൊച്ചി സ്മാർട്സിറ്റി പദ്ധതിയിൽ നിന്ന് ദുബായ് ടീകോം കമ്പനിയെ ഒഴിവാക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്. ഈ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സർക്കാർ ഈ മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കാര്യമായ നിക്ഷേപം ആകർഷിക്കാനാകാത്ത കമ്പനിയിൽ നിന്ന് ഇങ്ങോട്ട് നഷ്ടപരിഹാരം വാങ്ങിക്കുകയാണ് സർക്കാർ വേണ്ടത് എന്നും ചെന്നിത്തല പറഞ്ഞു. കമ്പനിക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഇൻഡിപെൻഡന്റ് ഇവാല്യുവെറ്ററെ നിയോഗിക്കാൻ നീക്കം നടത്തുന്നു എന്ന വാർത്തയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്ന് കരാറിനായി മുന്നിൽ നിന്ന ബാജു ജോർജ് ഇപ്പോൾ നഷ്ടപരിഹാരം കണക്കാക്കുന്ന കമ്മിറ്റിയിൽ അംഗമാണ്. ഇത് ടീകോമുമായി ഒത്തുചേർന്ന് നടപ്പാക്കുന്ന ഒരു കള്ളക്കളിയാണ് എന്നും ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഒപ്പിട്ട കരാറിൽ കമ്പനിക്കെതിരെ എടുക്കേണ്ട നടപടികൾ ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കരാർ ലംഘനം നടത്തിയ ആളുകൾക്ക് നഷ്ടപരിഹാരം നൽകുന്ന ഏർപ്പാട് താൻ ആദ്യമായി കേൾക്കുകയാണ്. തിരിച്ചുപിടിക്കുന്ന ഭൂമി ആർക്കോ മറിച്ചുകൊടുക്കാനുള്ള പദ്ധതിയാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. അത് ആർക്കാണെന്ന് കണ്ടെത്തണമെന്നും കേരളത്തിലെ ചെറുപ്പക്കാരെ കഴിഞ്ഞ പത്ത് വർഷം സർക്കാർ വഞ്ചിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ടീകോമിന്റെ കൈവശമുള്ള 246 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ തീരുമാനമായത്. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട പദ്ധതി ഉപേക്ഷിക്കാൻ ടീകോം തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.
നഷ്ടപരിഹാര തുക തീരുമാനിക്കാനും പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി പ്രവർത്തിക്കുക. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ആരംഭിച്ച സ്മാർട്ട് സിറ്റി പദ്ധതിയുടെ ചർച്ചകൾ വി എസിൻ്റെ കാലത്ത് എത്തിയപ്പോഴാണ് ടീകോമുമായി കരാറിലേക്ക് നീങ്ങുന്നത്. പത്ത് വർഷം കൊണ്ട് 90,000 പേർക്ക് ജോലി എന്നതായിരുന്നു സ്മാർട്ട് സിറ്റിയുടെ ലക്ഷ്യം.
Add Comment