Kerala

കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛൻ. ചികിത്സ നൽകുന്നതിൽ ആശുപത്രിക്ക് പിഴവുണ്ടായെന്നും കുട്ടിയ്ക്ക് വേണ്ട പരിചരണം ഉറപ്പ് നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ആശുപത്രി അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ അച്ഛൻ വ്യക്തമാക്കി. വിഷയത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും.

കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും കുട്ടി മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ ​ഗുരുതര ചികിത്സാപിഴവ് ആണെന്നും കുട്ടിയുടെ ബന്ധുക്കൾ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. വയറുവേദനയെതുടർന്നായിരുന്നു മൂന്ന് വയസുകാരി ചികിത്സയ്ക്ക് എത്തിയത്. കട്ടപ്പന സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോ‌‌ടെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ച്ച മുൻപാണ് കുട്ടിയെ വയറുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. എന്നാൽ അന്ന് കുട്ടിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ ഡോക്ടർ മരുന്ന് നൽകി വീട്ടിൽ വിടുകയായിരുന്നു.

എന്നാൽ ഇതിന് പിന്നാലെ രോ​ഗം മൂർച്ഛിച്ചതോടെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. എന്നാൽ അതിന് ശേഷവും കുട്ടിക്ക് കൃത്യമായി ചികിത്സ ലഭിച്ചില്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. പുലർച്ചെ നാല് മണിയോടെ ആരോ​ഗ്യാവസ്ഥ മോശമായ കു‌ട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും എട്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.