Kerala

തൃശൂർ പൂരം കലക്കൽ; അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകാനുള്ള നീക്കം ഊർജിതം

തൃശൂർ: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായതിന് പിന്നാലെ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ എസ്ഐടി. എത്രയും വേഗം അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകാനുള്ള നീക്കം ഊർജിതമാക്കി. പൂരം കലക്കലിൽ കേസുകൾ രജിസ്റ്റർ ചെയ്‌തതിന്‌ പിന്നാലെ മൊഴികൾ ഉടനടി രേഖപ്പെടുത്താനാണ് എസ്ഐടി നീക്കം. ഇതനുസരിച്ച് ദേവസ്വം ഭാരവാഹികളുടെ ഉൾപ്പടെ മൊഴി ഉടൻ രേഖപ്പെടുത്തും. അന്വേഷണം ഉടൻ പൂർത്തിയാക്കി എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ മാസം മൂന്നിനാണ് മുഖ്യമന്ത്രി തൃശൂർ പൂരം വിവാദത്തിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.

പൂരം വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നിര്‍ദേശപ്രകാരം ഗൂഡാലോചനയ്ക്കാണ് കേസെടുത്തത്. എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. എഫ്‌ഐആര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ ഉണ്ടാക്കല്‍, ഗൂഡാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചേര്‍ത്തത്. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് പരാതി. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് നേരത്തെ തള്ളിയിരുന്നു. പൂരം കലക്കിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ല എന്നായിരുന്നു എഡിജിപി അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.

About the author

KeralaNews Reporter

Add Comment

Click here to post a comment