Kerala

തൂണേരി ഷിബിൻ കൊലക്കേസ്; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: തൂണേരി ഷിബിൻ കൊലക്കേസിൽ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികൾക്കായി പോലീസ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി. നിലവിൽ വിദേശത്തുള്ള പ്രതികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് നാദാപുരം പോലീസ്. ഒക്ടോബർ 15 നകം പ്രതികളെ വിചാരണക്കോടതിയിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.

ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഷിബിൻ കൊലക്കേസിൽ വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരെന്ന് ഒക്ടോബർ 4 നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഒക്ടോബർ 15 നകം അറസ്റ്റ് ചെയ്ത് കോഴിക്കോട് മാറാട് കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം. ഹൈക്കോടതി ഉത്തരവിൽ തുടർ നടപടി സ്വീകരിക്കുകയാണ് നാദാപുരം പോലീസ്. ഏഴുപ്രതികൾക്കായി ലുക്കൗട്ട്  നോട്ടീസ് പുറത്തിറക്കി. നിലവിൽ കുറ്റക്കാർ വിദേശത്താണ്. മടക്കിയെത്തിക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. പ്രതികളുടെ പാസ്പോർട്ട് വിവരങ്ങൾ വിവിധ വിമാനത്താവളങ്ങൾക്ക് കൈമാറി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകണമെങ്കിൽ പ്രതികൾക്ക് ഹാജരായേ മതിയാകൂ എന്നതാണ് അവസ്ഥ. 

അതിനാൽ, പ്രതികൾ കീഴടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2015 ജനുവരി 22ന് ആണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. 2016 മെയില്‍ കേസിലെ പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടതോടെ പ്രതികള്‍ വിദേശത്തേക്ക് പോയി.  വിചാരണക്കോടതി വിധി ചോദ്യം ചെയ്തു ഷിബിന്റെ അച്ഛൻ ഹൈക്കോതിയെ സമീപിക്കുകയായിരുന്നു.