മഞ്ഞുകാലത്ത് ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഹൈറേഞ്ച് കയറി വിനോദസഞ്ചാരികള്‍. അവധി ദിവസങ്ങളില്‍ ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. രണ്ടരലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഇടുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. മൂന്നാര്‍, ഇടുക്കി, രാമക്കല്‍മേട്, വാഗമണ്‍, തേക്കടി, ഇരവിക്കുളം തുടങ്ങിയ സ്ഥലങ്ങളിലാണ് വിനോദ സഞ്ചാരികളുടെ തിരക്ക് കൂടുതലും അനുഭവപ്പെടുന്നത്.
കൂടാതെ മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പാഞ്ചാലിമേട്, രാമക്കല്‍മേട്, ശ്രീനാരായണപുരം തുടങ്ങിയ സ്ഥലങ്ങളിലും വിനോദസഞ്ചാരികളെത്തുന്നതില്‍ കുറവൊന്നുമില്ല. വാഗമണ്‍ ഗ്ലാസ് പാലം കാണാനും സഞ്ചാരികളുടെ ഒഴുക്കാണ്. പുതുവത്സരം ആഘോഷിക്കാനും ഇടുക്കിയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുമെന്നാണ് വിനേദ സഞ്ചാര വകുപ്പിന്റെ കണക്കു കൂട്ടല്‍. 20 മുതല്‍ 27 വരെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മാത്രം 1,81,487 വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തി.
കുടുംബസമേതമാണ് കൂടുതല്‍ പേരും എത്തിയത്. ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്‍, മൂന്നാര്‍, കാല്‍വരിമൗണ്ട്, പരുന്തുംപാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെട്ടേക്കും. പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള മുന്നൊരുക്കവും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ പതിവുപോലെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
Add Comment