Kerala Local

പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം ക്യാബിനിൽ കുഴഞ്ഞുവീണിട്ടും ശ്രദ്ധിക്കാത്ത സി.ഐക്ക് സ്ഥലംമാറ്റം

തൃശൂര്‍: താനുമായി സംസാരിക്കുന്നതിനിടെ സഹപ്രവർത്തകൻ കുഴഞ്ഞു വീഴുന്നത് കണ്ടിട്ടും, സഹായിക്കാതെ നോക്കിനിന്ന എസ്‌എച്ച്‌ഒയ്ക്കെതിരെ നടപടി.

സ്റ്റേഷൻ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥൻ തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ കെജി കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. എസ്‌എച്ച്‌ഒ ചുമതലകളില്‍ നിന്ന് നീക്കിക്കൊണ്ടാണ് സ്ഥലം മാറ്റ ഉത്തരവിറക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാവറട്ടി പൊലീസ് സ്റ്റേഷനിലെ തന്നെ സിപിഒ ഷെഫീഖ് കുഴഞ്ഞു വീഴുകയായിരുന്നു.

സ്റ്റേഷനിലെ മറ്റു പൊലീസുകാരാണ് ഷെഫീകിനെ പരിചരിച്ചത്. ഷെഫീഖിനെ എസ്‌എച്ച്‌ഒ കൃഷ്ണകുമാര്‍ തന്‍റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് സംഭവം നടന്നത്. ഷഫീഖ്, എസ്‌എച്ച്‌ഒയുമായി സംസാരിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തൊട്ടുമുന്നില്‍ കുഴഞ്ഞുവീണ ഷെഫീഖിനെ കൃഷ്ണകുമാര്‍ തിരിഞ്ഞുനോക്കിയില്ല.

തുടര്‍ന്ന് മറ്റു സഹപ്രവര്‍ത്തകരെത്തിയാണ് ഷെഫീഖിനെ പുറത്തേക്ക് എടുത്തത്. സംഭവത്തില്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് കൃഷ്ണകുമാറിനെ എസ്‌എച്ച്‌ഒ ചുമതലകളില്‍ നിന്ന് നീക്കികൊണ്ട് സ്ഥലം മാറ്റ ഉത്തരവിറക്കിയത്.

സംഭവത്തില്‍ കൃഷ്ണകുമാറില്‍ നിന്ന് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം വകുപ്പുതല നടപടികളിലേക്ക് കടന്നേക്കും.