തൃശൂർ: കൊടകരയിൽ വീടാക്രമണത്തിനിടെ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും സുഹൃത്തുക്കളായ വിവേക്, ഹരീഷ് എന്നിവരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും വിവേകിനും കുത്തേറ്റു. ഇന്നലെ രാത്രി 11.30ന് സംഭവത്തിന് പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുജിത്തും അഭിഷേകും മരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേകിൻ്റെ നില ഗുരുതരമായി തുടരുകയാണ്. നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് വിവേകിനെ ആക്രമിച്ചിരുന്നു. അതിൻ്റെ പ്രതികാരം വീട്ടുന്നതിനാണ് വിവേകും സംഘവും ഇന്നലെ സുജിത്തിനെ ആക്രമിക്കാൻ വീട്ടിൽ എത്തിയത്. ആക്രമണത്തിന് പിന്നാലെ കൊടകര പൊലീസ് സ്ഥലത്ത് എത്തി. അക്രമി സംഘത്തിൽ ഉൾപ്പെട്ട ഹരീഷിനെ കസ്റ്റഡിയിൽ എടുത്തതായും തുടർ നടപടികൾ സ്വീകരിച്ച് വരുന്നതായും പൊലീസ് അറിയിച്ചു.
Add Comment