India

റിസോർട്ടിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ

ഉള്ളാളില്‍ സ്വകാര്യ റിസോർട്ടിലെ നീന്തല്‍ കുളത്തില്‍ പെണ്‍കുട്ടികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍.

ഉള്ളാളിലെ വാസ്കോ റിസോർട്ട്‌ ഉടമയും മാനേജരുമാണ് അറസ്റ്റിലായത്. ഉടമ മനോഹർ, മാനേജർ ഭരത് എന്നിവർക്കെതിരെ ബിഎൻഎസ് 106 വകുപ്പ് പ്രകാരം കേസെടുത്തതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഞായറാഴ്ചയായിരുന്നു സ്വിമ്മിങ് പൂളില്‍ മൈസൂരു സ്വദേശികളായ പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചത്. മൈസൂരു സ്വദേശിനികളായ നിഷിത എം ഡി (21), പാർവതി എസ് (20), കീർത്തന എൻ (21) എന്നിവരാണ് മരിച്ചത്. വാരന്ത്യ അവധി ആഘോഷിക്കുന്നതിനായി എത്തിയതായിരുന്നു യുവതികള്‍.

നീന്തല്‍ അറിയാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയ ഇവർ അധികം വൈകാതെ വെള്ളത്തില്‍ മുങ്ങി പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ 10 മണിയോടെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയ അവർ നിമിഷങ്ങള്‍ക്കകമാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒരു യുവതി വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു, മറ്റൊരാള്‍ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അവരും മുങ്ങിപ്പോയി. ഇതിനി‌ടയില്‍ മൂന്നാമത്തെ യുവതിയും അപകടത്തില്‍പ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവതികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കാണാനാകും.

നീന്തല്‍ കുളത്തിന് സമീപം ഒരുക്കി വെക്കേണ്ട ജീവൻരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ ഈ റിസോർട്ടില്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ രക്ഷാ സഹായം അഭ്യർത്ഥിച്ചു നിലവിളിച്ചിട്ടും ആരും രക്ഷക്കെത്തിയില്ല. റിസോർട്ട് നടത്തിപ്പുകാരുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ‌എഫ് ഐ ആറില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ റിസോർട്ട് പൊലീസ് സീല്‍ ചെയ്തു. മംഗളൂരു സബ് ഡിവിഷനല്‍ ഉദ്യോഗസ്ഥർ റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.