India

രണ്ട് വർഷം ചീഫ് ജസ്റ്റിഡ് പദവിയിൽ; ഡോ. ഡി വൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവർത്തി ദിനം

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് ഇന്ന് പടിയിറങ്ങും. സുപ്രീംകോടതിയിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തി ദിനമാണ് ഇന്ന്. ജഡ്ജിമാരും അഭിഭാഷകരും ചേർന്ന് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകും. അതിനായി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് പ്രത്യേക ബെഞ്ച് ചേരും.

രണ്ട് വർഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ. ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. സുപ്രീംകോടതിയുടെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡോ. ഡിവൈ ചന്ദ്രചൂഡ്. നവംബർ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയിൽ ഡി വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവർത്തിദിനം. എന്നാൽ ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായ സാഹചര്യത്തിലാണ് ഡി വൈ ചന്ദ്രചൂഡിന് കോടതി മുറിയിൽ ഇന്ന് അവസാന പ്രവർത്തിദിനമാകുന്നത്.

ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡി വൈ ചന്ദ്രചൂഡിന്റെ വിധികളിലേറെയും. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവർഗ്ഗ വിവാഹം, ബാബറി മസ്ജിദ് കേസ്, ഇലക്ടറൽ ബോണ്ട് കേസ് തുടങ്ങിയ നിരവധി പ്രമുഖ വിധിന്യായങ്ങൾ ഡി വൈ ചന്ദ്രചൂഡിന്റേതായുണ്ട്.

ഡി വൈ ചന്ദ്രചൂഡിന്റെ പിതാവ് വൈ വി ചന്ദ്രചൂഡും സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു. ഡിവൈ ചന്ദ്രചൂഡിന് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയുടെ അൻപത്തി ഒന്നാമത് ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സുപ്രധാനമായ നാല് കേസുകളിലാണ് ഡി വൈ ചന്ദ്രചൂഡ് അവസാനമായി വിധി പറയുക. അലിഗഢ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി, 2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ടിന്റെ സാധുത, സമ്പത്ത് പുനർവിതരണ പ്രശ്നം, ജെറ്റ് എയർവെയ്സിന്റെ ഉടമസ്ഥത സംബന്ധിച്ച് തർക്കം എന്നിവയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചുകൾ അവസാന ആഴ്ച വിധി പറയാൻ പോകുന്ന കേസുകൾ.