Kerala

നിർമാണങ്ങൾ ഊരാളുങ്കൽ എടുക്കണമെന്നത് ജനപ്രതിനിധികളുടെ ആഗ്രഹം: സ്പീക്കർ

വടകര: ഏതു നിർമ്മാണവും യുഎൽസിസിഎസ് എടുക്കണം എന്നാണ് തന്നെപ്പോലുള്ള ജനപ്രതിനിധികൾ ആഗ്രഹിക്കുന്നതെന്ന് സ്പീക്കർ എഎൻഷംസീർ. “ഊരാളുങ്കൽ വന്നാൽ ഞങ്ങൾ ഒന്നും അറിയണ്ടാ. എല്ലാ സാധനവും സൊസൈറ്റി കൊണ്ടുവരും. മേസ്തിരിയെപ്പോലെ മേൽനോട്ടത്തിനു പോയി നില്ക്കണ്ടാ. നിർമ്മാണോദ്ഘാടനത്തിനും നിർമ്മിതിയുടെ ഉദ്ഘാടനത്തിനും മാത്രം അങ്ങോട്ടു പോയാൽ മതി”, അദ്ദേഹം പറഞ്ഞു.

ഊരാളുങ്കൽ ലേബർ കോൺട്രക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് പാലേരി കണാരൻ മാസ്റ്ററുടെ നാല്പതാമത് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
ഇൻഡ്യയിൽ ആദ്യമായി ഒരു നിയമസഭ കടലാസുരഹിത ഇ-നിയമസഭ ആകുന്നത് ഊരാളുങ്കലിലൂടെയാണ്. പല സംസ്ഥാനസഭകളിൽനിന്നും വന്നു കാണുന്നു. സൊസൈറ്റിയിലും അവർ നടത്തുന്ന ഉപസ്ഥാപനങ്ങളിലും മികച്ച പ്രൊഫഷണലിസമാണ്. ഏതു സംരംഭം തുടങ്ങിയാലും വിജയിക്കും. ലോകത്ത് ഏതുസ്ഥാപനത്തെയും കടത്തിവെട്ടി ഒന്നാമത് എത്താവുന്ന സ്ഥാപനമായി വളരാൻ സൊസൈറ്റിക്കു കഴിയുന്നു.

സത്യസന്ധത, ഗുണമേന്മ, വിശ്വാസ്യത, അച്ചടക്കം എന്നിവയിലൂടെയാണ് സൊസൈറ്റി ഈ നിലയിലേക്കു വന്നത്. ഒരു ഘട്ടത്തിലും അതു വഴിമാറിയില്ല. ഒരു കള്ളത്തരവും കാണിക്കാത്തവരാണു തൊഴിലാളികളും സൊസൈറ്റിയും. സമയത്തു പണി തീർക്കുമെന്ന വാക്കു പാലിക്കുന്നവർ.

കണാരൻ മാസ്റ്റർ പഠിപ്പിച്ച ഈ മൂല്യങ്ങളാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്. എം. എസ്. വല്യത്താനെപ്പോലെ മികച്ച സ്ഥാപനനിർമ്മാതാവായിരുന്നു കണാരൻ മാസ്റ്ററെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

കാലടി സംസ്കൃതസർവ്വകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. അഭിലാഷ് മലയിൽ മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റിയാസ്ഥാനത്തു നടന്ന പരിപാടിയിൽ യുഎൽസിസിഎസ് വൈസ് ചെയർമാൻ എം. എം. സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഡയറക്റ്റർ പി. പ്രകാശൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു.

ഡയറക്റ്റർമാരായ വികെ അനന്തൻ, പികെ സുരേഷ്ബാബു, കെടികെ അജി, കെടി രാജൻ, ടിടി. ഷിജിൻ, ശ്രീജിത് സി. കെ., ശ്രീജ മുരളി, ലൂബിന ടി., മാനേജിങ്ങ് ഡയറക്റ്റർ എസ്. ഷാജു, യുഎൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. കെ. ജയരാജ്, സിഇഒ അരുൺ ബാബു, സൈബർപാർക്ക് സിഒഒ ടി. കെ. കിഷോർ കുമാർ, സൊസൈറ്റി സിജിഎം രോഹൻ പ്രഭാകർ, സർഗ്ഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ജിഎം ടി. കെ. രാജേഷ്, ജിഎം അഡ്മിൻ ഷാബു കെ. പി, പുതിയാടത്തിൽ ചന്ദ്രൻ സംസാരിച്ചു.