Kerala

കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ആശുപത്രി വിട്ടു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കൊച്ചി റിനൈ മെഡിസിറ്റിയില്‍ നിന്ന് ഉമാ തോമസിനെ ഡിസ്ചാര്‍ജ് ചെയ്തത്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നന്ദി അറിയിച്ചതിന് ശേഷം ഉമാ തോമസ് എംഎല്‍എ മാധ്യമങ്ങളോട് സംവദിക്കാനെത്തി. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ കൃഷ്ണന്‍ ഉണ്ണി പോളക്കുളം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉമാ തോമസിനൊപ്പം ഉണ്ടായിരുന്നു.

വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഉമാ തോമസ് എംഎല്‍എ പ്രതികരിച്ചു. അപകടത്തെ കുറിച്ച് തനിക്ക് ഒന്നും ഓര്‍മയില്ല. ആശുപത്രിയില്‍ എത്തിയതാണെന്ന് മനസ്സിലായിരുന്നില്ല. കാക്കി ഇട്ടവരെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷനാണെന്നാണ് കരുതിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും കരുതലോടെ നോക്കി. അതിജീവനത്തിന്റെ എല്ലാ ക്രഡിറ്റും ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും നല്‍കുന്നു. പിടിയുടെ അനുഗ്രഹമാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചതെന്നും പാര്‍ട്ടി ചേര്‍ത്തുപിടിച്ചെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.

ഉമാ തോമസിന്റേത് അത്ഭുതകരമായ തിരിച്ചു വരവാണെന്ന് ഡോക്ടര്‍മാരും പ്രതികരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വീഡിയോ കോളില്‍ എത്തി സംവദിച്ചു. പരിചരിച്ച മുഴുവന്‍ ഡോക്ടര്‍മാരുടെയും കയ്യൊപ്പോടു കൂടിയ മെമന്റോ ആശുപത്രി അധികൃതര്‍ കൈമാറി. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് ചടങ്ങ് അവസാനിച്ചത്.