ന്യൂഡല്‍ഹി: ഡോ. വന്ദന ദാസ് കൊലപാതക കേസിലെ വിചാരണ നടപടിയെന്തായെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. പ്രതിഭാഗത്തിന്റെ അപേക്ഷ അനുസരിച്ച് വിചാരണ നടപടികള്‍ മാറ്റിയെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
തുടര്‍ന്ന് പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി ഒരുമാസം കൂടി സമയം അനുവദിച്ചു. എന്നാല്‍ ഇടക്കാല ജാമ്യം വേണമെന്ന പ്രതിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഡിസംബര്‍ 13ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. താന്‍ കൊലപാതകം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് പ്രതി സന്ദീപിന്റെ വാദം. അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിട്ടുണ്ട്. ഇനിയും കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
2023 മെയ് മാസം 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ ഡോ. വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതിക്കാണ് വിചാരണ നടപടികളുടെ ചുമതല.
Add Comment