ട്രാക്കിലെത്തി കുറഞ്ഞ സമയം കൊണ്ട് തന്നെ ഏറെ സ്വീകാര്യത നേടിയ ട്രെയിനുകളാണ് വന്ദേ ഭാരത്. കുറവ് യാത്രാസമയവും, മികച്ച സൗകര്യങ്ങളും ഉള്‍പ്പടെ വന്ദേഭാരതിന്റെ സ്വീകാര്യതയ്ക്ക് കാരണങ്ങളാണ്. ഇപ്പോള്‍ മറ്റൊരു അംഗീകാരം കൂടി വന്ദേഭാരതിനെ തേടിയെത്തിയിരിക്കുകയാണ്. രാജ്യത്ത് കൃത്യ സമയം പാലിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ട്രെയിന്‍ സര്‍വീസായാണ് വന്ദേഭാരതിനെ തെരഞ്ഞെടുത്തിരിക്കുന്നത്. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ റെയില്യാത്രിയാണ് സമയത്തിന്റെ അടിസ്ഥാനത്തില്‍ ട്രെയിനുകളുടെ പട്ടിക തയ്യാറാക്കിയത്.
കഴിഞ്ഞ വര്‍ഷത്തെ ആകെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ട്രെയിനുകള്‍ കൃത്യ സമയം പാലിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2023-മായി താരതമ്യപ്പെടുത്തിയാല്‍ ദേശീയതലത്തില്‍ ട്രെയിനുകള്‍ വൈകുന്നതില്‍ എട്ട് ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. മാത്രമല്ല യാത്രാസമയം കൂടുന്നതിന്റെ ശരാശരി 20 മിനിറ്റില്‍ നിന്ന് 18 മിനിറ്റായി കുറയുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ ട്രെയിനുകള്‍ സമയക്രമം പാലിക്കുന്നതില്‍ പിന്നോട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഉത്തരാഖണ്ഡ്, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ തീവണ്ടികളാണ് സമയംക്രമം പാലിക്കുന്നതില്‍ നില മെച്ചപ്പെടുത്തിയത്. കേരളത്തെ കൂടാതെ ബംഗാള്‍, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങള്‍ സമയക്രമം പാലിക്കുന്നതില്‍ പിന്നോട്ട് പോയിരിക്കുകയാണ്. ഇതില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഏറ്റവും പിന്നിലേക്ക് പോയത് പശ്ചിമബംഗാളിലെ ട്രെയിനുകളാണ്. വന്ദേഭാരതിനൊപ്പം തുരന്തോ എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും പ്രകടനം മെച്ചപ്പെടുത്തിയ ട്രെയിനുകളുടെ പട്ടികയിലുണ്ട്. ഹംസഫര്‍ എക്സ്പ്രസാണ് കൃത്യസമയം പാലിക്കുന്നതില്‍ ഏറ്റവും പിന്നിലുള്ളത്.
Add Comment