Travel

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായി

ഇന്ത്യൻ റയിൽവെയുടെ മുഖഛായ തന്നെ മാറ്റിയേക്കാവുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായെന്ന് റെയിൽവേ. 540 കിലോമീറ്റർ നീളമുള്ള മുംബൈ അഹമ്മദാബാദ് പാതയിലാണ് ട്രയൽ റൺ നടന്നത്. ജനുവരി 15ന് നടന്ന ട്രയൽ റണ്ണിന്റെ വിവരങ്ങൾ ഇപ്പോഴാണ് റെയിൽവേ പുറത്തുവിടുന്നത്.

ട്രയൽ റൺ വിലയിരുത്തിയ ശേഷം റിസേർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാന്‍ഡേർഡ്‌സ് ഓർഗനൈസേഷന്റെയും റെയിൽവേ സേഫ്റ്റി കമ്മീഷണറുടെയും അന്തിമ അനുമതി ലഭിച്ചാൽ ട്രെയിൻ ഉടൻ ട്രാക്കിലിറങ്ങും. അനുമതി നൽകുന്നതിന് മുൻപേ ഉയർന്ന വേഗതയിൽ ട്രെയിനിന്റെ യാത്രാസുഖവും മറ്റും സേഫ്റ്റി കമ്മീഷണർ ഒന്ന് കൂടി വിലയിരുത്തും. ഇവ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ ട്രെയിനിന്റെ ആദ്യ റൂട്ടും സമയക്രമവും സംബന്ധിച്ച് അറിയിപ്പുണ്ടായേക്കും.

നേരത്തെ ജനുവരിയിൽ ശ്രീനഗർ – ഡൽഹി റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് തുടങ്ങുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. പുതിയ ഉധംപൂർ ബാരാമുള്ള തീവണ്ടിപ്പാതയിലൂടെയാകും സർവീസ് നടത്തുക എന്നായിരുന്നു വിവരം. എന്നാൽ അത് നടന്നിരുന്നില്ല. ബാംഗ്ലൂർ ആസ്ഥാനമായി സ്ഥിതിചെയ്യുന്ന ‘ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്’ ആണ് ട്രെയിനിന്റെ നിർമാതാക്കൾ. സെപ്റ്റംബർ 2024ൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നു.

16 കൊച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറാണ് കഴിഞ്ഞ മാസം ട്രയൽ റൺ നടത്തിയത്. 1,128 യാത്രക്കാരെ ട്രെയിനിന് ഉൾക്കൊള്ളാനാകും. എസി ഫാസ്റ്റ് ക്‌ളാസ്, സെക്കൻഡ് എസി, ത്രീ ടയർ എസി എന്നിങ്ങനെയാണ് കോച്ചുകൾ ഉണ്ടാകുക. രാത്രി ട്രെയിൻ ആയിട്ടായിരിക്കും ഇവ സർവീസ് നടത്തുക എന്നാണ് വിവരങ്ങൾ.