Kerala

മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമായിരുന്നു. ഇപ്പോൾ ഭൂരിപക്ഷ പ്രീണനവുമായി മുന്നോട്ട് പോവുകയാണ്. വെൽഫെയർ പാർട്ടിയുമായി സിപിഐഎമ്മിനാണ് ബന്ധമുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുന്നുവെന്ന് പറഞ്ഞ സതീശൻ എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.

പാലക്കാട്‌ സിപിഐഎമ്മിന് വോട്ട് കുറഞ്ഞു. വയനാട്ടിൽ സിപിഐഎം പിന്നോട്ട് പോയി. മുൻപ് ബിജെപിക്ക് പോയിരുന്ന വോട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചുപിടിച്ചത്. ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ മുഖ്യമന്ത്രിക്ക് ദുഃഖമുണ്ട്. മൂന്നിടത്തും നടന്നത് രാഷ്ട്രീയ പോരാട്ടമാണ്. ചേലക്കരയിലും യുഡിഎഫ് നന്നായി വർക്ക് ചെയ്തു.

പാലക്കാട്‌ വിവാദം ഉണ്ടാക്കിയ സിപിഐഎമ്മിന് ബിജെപിയെ ജയിപ്പിക്കാൻ നടത്തിയ വിവാദങ്ങളെല്ലാം തിരിച്ചടിയായി. രാഹുൽ എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സന്ദീപ് വാര്യർ പാർട്ടിയിലേക്ക് വന്നത് ഉപാധികൾ ഇല്ലാതെയാണ്. സന്ദീപ് വാര്യരെ ഒരിക്കലും പിന്നിൽ നിർത്തില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ബിജെപിയിൽ നിന്ന് കൂടുതൽ നേതാക്കൾ യുഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് കാണാൻ പോകുന്ന പൂരം പറയേണ്ടല്ലോ എന്നായിരുന്നു മറുപടി.

ചേലക്കരയില്‍ എല്ലാ വര്‍ഗീയ ശക്തികളേയും അണിനിരത്തിയിട്ടും യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനം എല്‍ഡിഎഫിനൊപ്പം അണിനിരന്നെന്നും പാലക്കാട് എല്‍ഡിഎഫിന്റെ വോട്ട് വിഹിതം വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിന് വോട്ട് കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.