Kerala

തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ വിധി തിങ്കളാഴ്ച

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി തിങ്കളാഴ്ച. പ്രതികള്‍ രണ്ടു പേരും കുറ്റക്കാരെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. ഇന്ന് വിധി പറയുമെന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

പാലക്കാട് ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആയിരിക്കും ശിക്ഷ വിധിക്കും. ഇന്നലെയാണ് രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം.

ഇതര ജാതിയില്‍നിന്ന് പ്രണയിച്ച്‌ വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്‍റെ 88-ാം നാളില്‍ അനീഷ് കുത്തേറ്റ്‌ മരിക്കുകയായിരുന്നു. കേസില്‍ അനീഷിന്‍റെ ഭാര്യഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻതേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാംപ്രതിയുമാണ്. പ്രതികള്‍ക്ക് തൂക്കുകയർ തന്നെ വേണമെന്ന് അനീഷിന്‍റെ കുടുംബം പ്രതികരിച്ചു. കുടുംബത്തെ അനാഥമാക്കിയവരെ കോടതിയും വെറുതെ വിടില്ലെന്നാണ് പ്രതീക്ഷയെന്നും അനീഷിന്‍റെ ഭാര്യ ഹരിതയും അച്ഛനും അമ്മയും പറഞ്ഞു.