Kerala

ഡിസിസി നേതൃത്വം നല്‍കിയ കത്തിൽ പ്രതികരണവുമായി വി കെ ശ്രീകണ്ഠന്‍ എംപി

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി നേതൃത്വം നല്‍കിയ കത്തിൽ പ്രതികരണവുമായി വി കെ ശ്രീകണ്ഠന്‍ എംപി. കത്ത് പഴയ കാര്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലാണ് ഇപ്പോൾ സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പ്രതികരിച്ചു. ഇനി കത്തില്‍ പ്രസക്തിയില്ലെന്നും എംപി വ്യക്തമാക്കി. പാര്‍ട്ടിയില്‍ പല ചര്‍ച്ചയും ആലോചനയും നടക്കും. അതൊന്നും ഇപ്പോള്‍ പ്രശ്‌നമല്ലെന്നും വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ദേശീയ നേതത്വത്തിന് അയച്ച കത്തിലുള്ളത്. ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കത്തയച്ചത്.

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ കെ മുരളീധരനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി. സിപിഐഎം അനുഭാവികളുടേത് അടക്കം എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടുകള്‍ ഏകീകരിക്കാന്‍ കെ മുരളീധരന് കഴിയും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ പറയുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment