Kerala

ഷൊര്‍ണൂരില്‍ റെയിൽവേയിലെ നാല് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് വി.കെ ശ്രീകണ്ഠൻ

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനു സമീപം തിരുവനന്തപുരത്തേക്ക് പോകുന്ന കേരള എക്സ്പ്രസ് ഇടിച്ച് റെയിൽവേയുടെ നാല് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം ഞെട്ടിക്കുന്നതും അത്യന്തം വേദനാജനകവുമാണെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു.

റെയിൽവേ ട്രാക്കിൽ നിന്ന് മാലിന്യം നീക്കുകയായിരുന്ന ഇവർ തീവണ്ടി അടുത്തു വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇതാണ് ഈ ദാരുണ സംഭവത്തിന് ഇടയാക്കിയത്. തീവണ്ടി കടന്നു പോകുന്ന സമയത്തെ കുറിച്ച് അറിയാതിരുന്നതാവാം ദാരുണമായ ഈ അപകടത്തിന് കാരണം. ഇത്തരം വിഷയങ്ങളിൽ റെയിൽവേയുടെ ഏകോപനം കൃത്യമല്ല എന്നത് ഈ സംഭവത്തോടെ വ്യക്തമാവുകയാണ്. റെയിൽവേയുടെ എല്ലാ മേഖലയിലും തൊഴിലാളികളുടെ കുറവ് കാരണമുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുകയാണ്.

ഇത്തരം വിഷയങ്ങൾ പരിഹരിക്കണമെന്നും ഷൊർണൂരിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും എം.പി സർക്കാരിനോട് ആവശ്യപ്പെട്ടു.