Politics

കുത്തിതിരിപ്പുകൾ ഒഴിവാക്കിയാൽ സിപിഎംരക്ഷപ്പെടും, പിണറായിയുടെ പഞ്ച് ഡയലോഗൊന്നും ഇനി നടപ്പില്ല, വി.ടി ബൽറാമിൻ്റെ പോസ്റ്റ്

പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകള്‍ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിരിക്കുന്നുവെന്നും കുത്തിത്തിരിപ്പുകള്‍ ഇനിയെങ്കിലും സി.പി.എം ഒഴിവാക്കിയാല്‍ അവർക്ക്‌ നല്ലതാണെന്നും കോണ്‍ഗ്രസ് നേതാവ് വി.ടി.

ബല്‍റാം. സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങള്‍ കാണുന്നത്‌. ‘മതേതരത്വം സംരക്ഷിക്കാൻ’ സി.പി.എം ഒരു കാലത്തും കോണ്‍ഗ്രസിന്‌ വോട്ട്‌ മറിച്ചു നല്‍കില്ല. സി.പി.എമ്മുമായി ബി.ജെ.പി നേതാക്കള്‍ ഒരുപാട് ഡീലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം

പാലക്കാട് തെരഞ്ഞെടുപ്പ് റിസള്‍ട്ടുമായി ബന്ധപ്പെട്ട് ചില പ്രാഥമിക നിരീക്ഷണങ്ങള്‍:

1) ബി.ജെ.പിയെ നേർക്കുനേരെയുള്ള പോരാട്ടത്തില്‍ പരാജയപ്പെടുത്താൻ സാധിക്കുന്നത് കോണ്‍ഗസിനും യു.ഡി.എഫിനുമാണ് എന്ന് കേരളം വീണ്ടും വിധിയെഴുതിയിരിക്കുന്നു. സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ്‌ ജനങ്ങള്‍ കാണുന്നത്‌.

2) ‘മതേതരത്വം സംരക്ഷിക്കാൻ’ സി.പി.എം ഒരു കാലത്തും കോണ്‍ഗ്രസിന്‌ വോട്ട്‌ മറിച്ചു നല്‍കില്ല. പാലക്കാട്ടെ മുൻ ഇലക്ഷനുകളിലൊന്നും അങ്ങനെ നല്‍കിയിട്ടുമില്ല. ഷാഫിയും ഇ. ശ്രീധരനും ഏറ്റുമുട്ടുമ്ബോഴും ശ്രീകണ്ഠനെതിരെ പൊളിറ്റ്‌ ബ്യൂറോ അംഗം വിജയരാഘവൻ ജയിക്കാനായി മത്സരിക്കുമ്ബോഴും ഇപ്പോള്‍ ഭരണത്തിന്റെ മുഴുവൻ സന്നാഹങ്ങളുമുപയോഗിച്ച്‌ രണ്ടാം സ്ഥാനമെങ്കിലും നേടാൻ ഡസ്പറേറ്റായി നോക്കിയപ്പോഴും എല്ലാം സി.പി.എം സ്ഥിരമായി മൂന്നാം സ്ഥാനത്ത്‌ തന്നെയാണ്‌. അവരുടെ വോട്ടില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. അവർക്ക്‌ അവിടെ അത്രയേ വോട്ടുള്ളൂ, 35000നും 38000നുമിടക്ക്.

3) ബി.ജെ.പിയുടെ പാലക്കാട്ടെ തകർച്ച തുടങ്ങിക്കഴിഞ്ഞു. അവരെ സംബന്ധിച്ച്‌ പാലക്കാട്‌ ഇനിയൊരു ‘എ’ ക്ലാസ്‌ സീറ്റല്ല. അടുത്ത മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അവിടെ ഭരണമാറ്റത്തിന്‌ സാധ്യത വർധിച്ചിരിക്കുന്നു.

4) കാമ്ബുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കാതെ കോണ്‍ഗ്രസ്‌ സ്ഥാനാർഥിയെക്കുറിച്ച്‌ നിലവാരമില്ലാത്തതും ബാലിശവുമായ വ്യക്തിപര ആരോപണങ്ങളുന്നയിച്ച്‌ പ്രചരണങ്ങളെ ഡീറെയില്‍ ചെയ്യിക്കാനുള്ള സി.പി.എം ശ്രമങ്ങള്‍ പതിവായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഇപ്പോള്‍ പാളുകയാണ്‌. തലക്കകത്തും പുറത്തും ഒന്നുമില്ലാത്ത ചില മാധ്യമ പുംഗവന്മാരുടെ അതിവൈകാരിക പ്രകടനങ്ങള്‍ കൊണ്ട്‌ അവരുടെ ചാനലിന്റെ റേറ്റിംഗ്‌ മാത്രമേ കൂടുകയുള്ളൂ, സി.പി.എമ്മിന്റെ വോട്ട്‌ കൂടില്ല.

5) ഇനിയെങ്കിലും ഹീനമായ വർഗീയ പ്രചരണങ്ങള്‍ സി.പി.എം നിർത്തണമെന്ന് ജനങ്ങള്‍ ആവർത്തിച്ച്‌ ആവശ്യപ്പെടുന്നു. അങ്ങനെ ഏതെങ്കിലും ഒരു സിംഗ്ള്‍ വിഷയത്തിന്മേല്‍ വൈകാരികമായി പ്രതികരിക്കുന്നവരല്ല കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍. സമകാലിക ഇന്ത്യൻ അവസ്ഥയെ സമഗ്രമായി വിലയിരുത്തിയാണ്‌ അവർ ഈയടുത്തകാലത്തായി കോണ്‍ഗ്രസിനും യു.ഡി.എഫിനുമൊപ്പം നില്‍ക്കാൻ തീരുമാനിച്ചിരിക്കുന്നത്‌. പിണറായി വിജയന്റെ പഞ്ച്‌ ഡയലോഗുകള്‍ കേട്ട്‌ കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ ഓവറായ കുത്തിത്തിരിപ്പുകള്‍ ഇനിയെങ്കിലും സി.പി.എം ഒഴിവാക്കിയാല്‍ അവർക്ക്‌ നന്ന്.

6) ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരായ കലാപങ്ങള്‍ ആ പാർട്ടിക്കകത്ത്‌ തുടങ്ങിയിരിക്കുന്നു. പണത്തോട്‌ ആർത്തിയുള്ള സുരേന്ദ്രനെപ്പോലുള്ള നേതാക്കള്‍ സി.പി.എമ്മുമായി ഒരുപാട്‌ ഡീലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ബി.ജെ.പിക്കാർക്ക് പോലും മനസ്സിലാവുന്നുണ്ട്.

7) ക്രെഡിബിലിറ്റിയുള്ള ഒരൊറ്റ നേതാവു പോലും ഇന്ന് സി.പി.എമ്മിലില്ല. “അപ്പ കണ്ടവനെ അപ്പാ” എന്നു വിളിക്കുന്ന, വിചാരിച്ച പോലെ കാര്യം നടന്നില്ലെങ്കില്‍ തൊട്ടടുത്ത നിമിഷം മാറ്റിപ്പറയുന്ന അവസരവാദികളാണ് യുവ/സീനിയർ വ്യത്യാസമില്ലാതെ സി.പി.എമ്മിന്റെ നേതാക്കള്‍. പുതിയ തലമുറ വോട്ടർമാർക്ക് മുന്നില്‍ അവർ മിക്കവരും പരിഹാസ്യ കഥാപാത്രങ്ങളാണ്.