Kerala

‘രാഹുല്‍ വരുമെന്ന് നമ്മള്‍ അന്ന് പറഞ്ഞത് ശരിയായില്ലേ?, ചരിത്രവിജയമാണിത്’; എ കെ ആന്റണി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓവര്‍ടൈം പണിയെടുക്കേണ്ടി വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പാലക്കാട്ടെ വിജയം രാഹുലിന്റേതും ഷാഫിയുടേയും ശ്രീകണ്ഠൻ്റേയും ഉത്തരവാദിത്തം കൂട്ടുകയാണ്. മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ആണെന്നും എ കെ ആന്റണി പറഞ്ഞു. രാഹുലിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.

‘നമ്മള്‍ അന്ന് പറഞ്ഞത് ശരിയായില്ലേ? രാഹുല്‍ വരുമെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വോട്ട് കൂടുമെന്നും ബിജെപിയുടെ വോട്ട് കുത്തനെ താഴെപോകുമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കാണാമെന്നും ഇവിടെ തന്നെ ഉണ്ടാവുമെന്നും ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ഇവര്‍ എന്നെ തോല്‍പ്പിച്ചു കളഞ്ഞു. നാലിരട്ടി വോട്ട് നേടി. ചരിത്രവിജയമാണ്. ഈ വിജയം രാഹുലിന്റേതും ഷാഫിയുടേയും ശ്രീകണ്ഠന്റേയും ഉത്തരവാദിത്തം കൂട്ടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വരികയാണ്. രാഹുല്‍ ഓവര്‍ടൈം പണിയെടുക്കേണ്ടി വരും. രാഹുല്‍ ഇനി ജനങ്ങള്‍ക്കൊപ്പമാണ്. നിയമസഭാ തിരഞ്ഞെടുപ്പും ശ്രദ്ധിക്കണം. പാട്ടുപാടി കുറേ വോട്ട് നേടിയ പി സി വിഷ്ണുനാഥിനും ചാമക്കാലും അഭിനന്ദനം. ചാമക്കാല ഡിപ്ലോമേറ്റാണ്. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ ഉണ്ടാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തണം’, എ കെ ആന്റണി പറഞ്ഞു.

ഇന്ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു രാഹുലും യു ആര്‍ പ്രദീപും സത്യപ്രതിജ്ഞ ചെയ്തത്. യു ആര്‍ പ്രദീപ് സഗൗരവവും രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാഹുലിന്റേയും പ്രദീപിന്റേയും കുടുംബവും ചടങ്ങില്‍ പങ്കെടുത്തു. യു ആര്‍ പ്രദീപ് രണ്ടാം തവണയാണ് നിയമസഭയിലേക്ക് എത്തുന്നത്. 2016 ലായിരുന്നു ആദ്യ വിജയം. രാഹുലിന്റേത് കന്നി അങ്കമാണ്.

About the author

KeralaNews Reporter

Add Comment

Click here to post a comment