Kerala

വയനാട് ദുരന്തം; 153.467 കോടി രൂപ സഹായത്തിന് കേന്ദ്ര അംഗീകാരം

കൊച്ചി: വയനാട് ദുരന്ത നിവാരണത്തിനായി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 153.467 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിക്കുന്നത്. എന്നാല്‍ ഇതിന്റെ 50 ശതമാനം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുമായി അഡ്ജസ്റ്റ് ചെയ്യും. നവംബര്‍ 16-ന് ചേര്‍ന്ന കേന്ദ്ര ഉന്നതതല സമിതി യോഗത്തിന്റേതാണ് തീരുമാനം.

ദുരന്ത നിവാരണ മേഖലയില്‍ സഹായമെത്തിച്ചതിനുള്ള വ്യേമസേനയുടെ ചെലവിനും അംഗീകാരം നല്‍കി. വ്യേമസേന വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വലിയ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നവംബര്‍ 13 ന് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

2219 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു റിപ്പോര്‍ട്ട്. ദുരന്തത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ ചട്ടങ്ങളുടേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മലയോര മേഖലയില്‍ ഉള്‍ക്കൊള്ളാനാകുന്ന പരമാവധി ശേഷി സംബന്ധിച്ച് പഠനം നടത്തണമെന്ന് അമിക്കസ് ക്യൂറി രഞ്ജിത് തമ്പാന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണം. പഠനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടു.

About the author

KeralaNews Reporter

Add Comment

Click here to post a comment