Kerala

വയനാട് ദുരന്തം; പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്‍കി

തിരുവനന്തപുരം: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിയുടെ നിര്‍മ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. രണ്ട് എസ്റ്റേറ്റിലായി ടൗണ്‍ഷിപ്പുകള്‍ വികസിപ്പിച്ച് വീടുകള്‍ നിര്‍മ്മിക്കാനുള്ള കര്‍മ്മപദ്ധതിയുടെ കരടുരേഖ കഴിഞ്ഞമാസം 22 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിരുന്നു. തൊട്ടടുത്ത മന്ത്രിസഭാ യോഗം അംഗീകാരം നല്‍കാൻ തീരുമാനിച്ചെങ്കിലും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നില്ല. വൈകിട്ട് 3.30 ന് വിളിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കും.

പുനരധിവാസത്തിന് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത സ്‌പോണ്‍സര്‍മാരുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. നൂറ് വീടുകള്‍ വാഗ്ദാനം ചെയ്ത കര്‍ണാടക സര്‍ക്കാരിന്റെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുക്കും. 100 വീട് വാഗ്ദാനം രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ പ്രതിനിധിയായി ടി സിദ്ധിഖ് എംഎല്‍എയാണ് പങ്കെടുക്കുന്നത്.

ഇതിനിടെ ഉരുൾപൊട്ടൽ പുനാരധിവാസവുമായി ബന്ധപ്പെട്ട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ സർവ്വേ നടപടികൾ ആരംഭിച്ചു. 10 ഗ്രൂപ്പായി തിരിഞ്ഞാണ് സർവ്വേ നടക്കുന്നത്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് സർവേ. 600 കുടുംബങ്ങൾക്ക് ഈ എസ്റ്റേറ്റിൽ വീട് വച്ച് നൽകാനാകും എന്നാണ് കരുതുന്നത്.

പുനരധിവാസത്തിനായി ഏറ്റെടുത്ത ഭൂമി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളികൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരമായിരിക്കണം ഭൂമി ഏറ്റെടുക്കേണ്ടതെന്നും കോടതി വിധിച്ചിരുന്നു. ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണുമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.