Kerala

താന്‍ പറഞ്ഞത് മുസ്‌ലിം ലീഗ് പ്രസിഡന്റിനെ കുറിച്ച്; മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പറഞ്ഞത് മുസ്‌ലിം ലീഗ് പ്രസിഡന്റിനെ കുറിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാദിഖലി തങ്ങളെ കുറിച്ച് പറയരുതെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞാല്‍ നാട് അംഗീകരിക്കുമോയെന്നും പിണറായി വിജയന്‍ ചോദിച്ചു. പല കോണ്‍ഗ്രസുകാര്‍ക്കും വര്‍ഗീയ നിലപാടാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയോട് കോണ്‍ഗ്രസിന് മൃദു സമീപനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് വര്‍ഗീയതയെ പ്രീണിപ്പിക്കുന്നു. ആര്‍എസ്എസുകാരനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. അയാളെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര സഹായം ലഭിച്ചില്ലെങ്കിലും പുനരധിവാസം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയായി മാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതോടെ മുഖ്യമന്ത്രിക്കെതിരെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്തുണയുമായി ഇടതുപക്ഷ നേതാക്കളും രംഗത്തുവന്നിരുന്നു.