Kerala

പി ജയരാജന് ചരിത്രമെഴുതാൻ എന്ത് യോഗ്യത’; പുസ്തകം കത്തിച്ച് പിഡിപി

കോഴിക്കോട്: സിപിഐഎം നേതാവ് പി ജയരാജന്റെ പ്രകാശനം ചെയ്ത പുസ്തകം കത്തിച്ച് പിഡിപി പ്രവര്‍ത്തകര്‍. ‘കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകമാണ് പിഡിപി പ്രവര്‍ത്തകര്‍ കത്തിച്ച് പ്രതിഷേധിച്ചത്. പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള പരാമര്‍ങ്ങളിലാണ് പ്രതിഷേധം. പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പുറത്താണ് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് പിഡിപി ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പ്രതികരിച്ചു. മഅ്ദനിക്ക് പി ജയരാജന്റെ നല്ല സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മഅ്ദനി മുസ്‌ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മഅ്ദനിക്കെതിരെ കേരളത്തില്‍ ഒരു കേസ് പോലും നിലനില്‍ക്കുന്നില്ല. 100 രൂപ പോലും പിഴയടക്കേണ്ടി വന്നിട്ടില്ല. അന്ധന്‍ ആനയെ കണ്ട പോലെയാണ് പി ജയരാജന്റെ പരാമര്‍ശം. പ്രസംഗത്തിന്റെ പേരില്‍ കേരളത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. മഅ്ദനിയുടെ കാല്‍ ആര്‍എസ്എസുകാര്‍ തകര്‍ത്തിട്ടും കേരളത്തില്‍ ഒരു അക്രമ സംഭവവും ഉണ്ടായിട്ടില്ല’, അലിയാര്‍ പറഞ്ഞു. 31 വര്‍ഷത്തിനിടെ ഇടതുപക്ഷത്തോടൊപ്പമാണ് കൂടുതല്‍ കാലവും പിഡിപി നിലനിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പാലം ഉപതിരെഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വേണ്ടി പ്രചാരണം നടത്തി. സിപിഐയ്ക്ക് വേണ്ടിയും പിഡിപി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘വി എസ് സുനില്‍കുമാറിന് വേണ്ടി പിഡിപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് വരെ സിപിഐയ്ക്ക് പിഡിപിയോട് തൊട്ടുകൂടായ്മ ഇല്ലായിരുന്നു. 1990ല്‍ മഅ്ദനി പറഞ്ഞ കാര്യങ്ങളാണ് ഇന്ന് ഇടതുപക്ഷവും ലീഗും പറയുന്നത്. ഇഎംഎസ് മഅ്ദനിയെ ഗാന്ധിജിയോടാണ് ഉപമിച്ചത്. പി ജയരാജന് ചരിത്രമെഴുതാന്‍ എന്ത് യോഗ്യതയുണ്ട്. പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പിലെ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്നും അലിയാര്‍ വ്യക്തമാക്കി. കേരളത്തിലെ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്നാണ് പി ജയരാജന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രചിന്താഗതികള്‍ വളര്‍ത്താന്‍ ശ്രമിച്ചുവെന്നും ഇതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.