Business

എവിടുന്നെങ്കിലും വായ്പ്പയെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്

ജീവിതത്തില്‍ പല അവസരങ്ങളിലും വായ്പയെടുക്കേണ്ടി വരാറുണ്ട് പലര്‍ക്കും. ചിലര്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണെങ്കില്‍ മറ്റുചിലരാകട്ടെ എന്തിനും ഏതിനും കടംവാങ്ങി കാര്യങ്ങള്‍ ചെയ്യുന്നവരാണ്. പക്ഷേ വായ്പയും കടവുമൊക്കെ കൈനീട്ടി വാങ്ങുമ്പോള്‍ കിട്ടുന്ന സുഖമൊന്നും തിരിച്ചുകൊടുക്കാന്‍ കാണില്ല. പലരും കടത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നട്ടം തിരിയുകയാണ് ചെയ്യാറ്.
എങ്ങനെ തിരിച്ചടയ്ക്കാമെന്ന് കണക്കുകൂട്ടലില്ലാതെ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ കടം വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ കഴിയാതെ വരികയാണ് പലപ്പോഴും സംഭവിക്കുന്നത്.

കടബാധ്യത പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം

  • നിങ്ങളുടെ വരവും ചെലവും കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അധിക ചെലവുകളാണെന്ന് തോന്നുന്നവ ഒഴിവാക്കാം.
  • കടം തിരിച്ചടയ്ക്കാനായി സ്‌നോബാള്‍, അവലാഞ്ച് രീതികള്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ എല്ലാ വായ്പകളിലും ഏറ്റവും ചെറിയ തുക കഴിയുന്നത്ര വേഗത്തില്‍ അടച്ചുതീര്‍ക്കുക എന്നതാണ് സ്‌നോബോള്‍ രീതി. നേരെ മറിച്ച് അവലാഞ്ച് രീതിയില്‍ ആദ്യം ഏറ്റവും ഉയര്‍ന്ന പലിശ നിരക്കിലുള്ള ലോണ്‍ അടച്ചുതീര്‍ക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് അനുയോജ്യമായ രീതി തിരഞ്ഞെടുക്കാവുന്നതാണ്.
  • ഒന്നിലധികം കടങ്ങള്‍ ഒന്നിപ്പിച്ച് കുറഞ്ഞ പലിശ നിരക്കില്‍ ഒറ്റ വായ്പ്പയായി മാറ്റുന്ന ഡേറ്റ് കണ്‍സോളിഡേഷന്‍ രീതി ഉപയോഗപ്രദമായിരിക്കും. ഇത് സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാനും തിരിച്ചടവ് മികച്ചരീതിയില്‍ നിയന്ത്രിക്കാനും സഹായിക്കും.
  • സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു രീതി. അതിനായി എക്‌സ്ട്രാ വരുമാനം കണ്ടെത്താം. ഫ്രീലാന്‍സ് ജോലികള്‍ ചെയ്‌തോ പാര്‍ട്ട്‌ടൈം ജോലികള്‍ ചെയ്‌തോ ഇവ കണ്ടെത്താവുന്നതാണ്.
  • ദൈനംദിന ജീവിതത്തില്‍ നമുക്ക് അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഒരു എമര്‍ജന്‍സി ഫണ്ട് ഏറെ പ്രയോജനപ്രദമാണ്. ലോണുകളെയോ ക്രഡിറ്റ്കാര്‍ഡുകളെയോ ആശ്രയിക്കാതെ ചെലവുകള്‍ക്കായി ഇവ ഉപയോഗിക്കാം.