ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരയിലെ നിർണ്ണായകമായ ഗാബ ടെസ്റ്റിലും നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ നടത്തുന്നത്. സീനിയർ താരങ്ങളെല്ലാം തുടക്കം കണ്ടെത്താൻ പോലും വിഷമിക്കുമ്പോൾ വലിയ വിമർശനമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. സ്വന്തം മണ്ണിൽ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ സമ്പൂർണ്ണ അടിയറവ് പറഞ്ഞ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള അവസാന ശ്രമത്തിലും കിതയ്ക്കുകയാണ്. മൂന്നാം ടെസ്റ്റിൽ കെ എൽ രാഹുൽ, ജഡേജ, ബൗളർമാരായ ബുംമ്ര, ആകാശ് ദീപ് എന്നിവരാണ് ഇന്ത്യയെ ഫോളോ ഓണിൽ നിന്നും രക്ഷിച്ചത്.
പ്രധാന ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ ബൗളർമാർ ബാറ്റ് കൊണ്ടും രക്ഷിക്കാനിറങ്ങേണ്ടി വന്നു എന്ന ചർച്ച ഇതോടെ സോഷ്യൽ മീഡിയയിലുണ്ടായി. ഏറെ കാലമായി ഇന്ത്യൻ ടീമിന് പുറത്തുള്ള ഭുവനേശ്വർ കുമാറിന്റെ ബാറ്റിങ്ങ് സ്റ്റാറ്റസും ആരാധകർ ഉയർത്തി കാട്ടി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ആസ്ട്രേലിയ എന്നീ (SENA) രാജ്യങ്ങളിലെ ടെസ്റ്റ് ക്രിക്കറ്റിൽ ഭുവിയുടെ ശരാശരി ഇന്ത്യൻ നായകൻ രോഹിത് ശർമ, യുവതാരങ്ങളായ ഗിൽ, ജയ്സ്വാൾ എന്നിവരേക്കാൾ മികച്ചതാണ്.
ഈ പിച്ചുകളിൽ ഒമ്പത് ഇന്നിങ്സ് മാത്രം കളിച്ച ജയ്സ്വാളിന്റെ ശരാശരി 26.55 ആണ്. 26.72 ശരാശരി മാത്രമാണ് 19 ഇന്നിങ്സിൽ നിന്നും ഗില്ലിനുള്ളത്. എന്നാൽ രോഹിത് ശർമക്കാകട്ടെ 47 ഇന്നിങ്സുകൾ കളിച്ച് 29.20 ശരാശരി മാത്രം. വാലറ്റത്ത് കളിക്കുന്ന ഭുവിക്ക് 16 ഇന്നിങ്സിൽ നിന്നും 30 റൺസിന്റെ ശരാശരി ബാറ്റിങ് ഏറെ ദുഷ്കരമായ പിച്ചിലുണ്ട്. 398 റൺസാണ് 16 ഇന്നിങ്സിൽ നിന്നും ഭുവനേശ്വർ നേടിയത്. ഇത് കൂടാതെ ഇരുപതിന് മുകളിലുള്ള വിക്കറ്റ് നേട്ടവും താരത്തിനുണ്ട്.
Add Comment