Politics

ഫലം പുറത്തുവരുമ്പോള്‍ ആശ്വാസകരമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും; രാഹുല്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആശ്വാസകരമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. പഞ്ചായത്തുകളില്‍ വോട്ട് കൂടുകയും മുനിസിപ്പാലിറ്റിയില്‍ വോട്ട് കുറയുകയുമാണ് ചെയ്തത്. മുനിസിപ്പിലാറ്റിയില്‍ വോട്ടിങ് ശതമാനം കൂടിയ സ്ഥലങ്ങളെല്ലാം കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫിന് ആധിപത്യം ഉണ്ടായിരുന്ന സ്ഥലങ്ങളാണ്. മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ആശ്വാസകരമായ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും. പാര്‍ട്ടി അനുമാനിക്കുന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്ന് രാഹുല്‍ പ്രതികരിച്ചു.

പോളിങ് കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ല. യുഡിഎഫ് പോക്കറ്റുകളില്‍ കൃത്യമായ പോളിങ് നടന്നിട്ടുണ്ട്. യുഡിഎഫ് മൂന്നാമത് ആകണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ആ സമീപനം എല്ലാവര്‍ക്കും അറിയാം. എല്‍ഡിഎഫിനോടുള്ള കരുതല്‍ ആണ് അതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് അനുഭാവ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. സിപിഐഎമ്മുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചിലര്‍ ബന്ധപ്പെട്ടിരുന്നു. നമ്മള്‍ കണക്കാക്കുന്ന ഭൂരിപക്ഷം തന്നെയാണ് അവരും പറയുന്നത്. അവര്‍ രണ്ടാമത് എത്തുമെന്ന ഉറപ്പ് മാത്രമാണ് അവര്‍ക്കുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം മണ്ഡലത്തിലുണ്ട്. സന്ദീപ് വാര്യരുടെ വരവ് ഗുണം ചെയ്തിട്ടുണ്ട്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ഒരാള്‍ വരുമ്പോഴുണ്ടാകുന്ന ഗുണം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment