Kerala

വിദ്യാർഥികളെ പൊലീസ് മർദിച്ചതിനെതിരെ ഡിജിപിക്ക് പരാതി നൽകി കെ.എസ്.യു

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനത്തിനിടെ വിദ്യാര്‍ത്ഥികളെ മർദ്ദിച്ച പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.

സ്കൂള്‍ വിദ്യാർത്ഥികളെ കായികമായി നേരിടാൻ കേരളാ പൊലീസിന് ആരും ലൈസൻസ് നല്‍കിയിട്ടില്ല എന്ന് ഓർമ്മ വേണം. പോയിൻ്റ് പട്ടികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ഉണ്ടായെങ്കില്‍ പക്വതയോടെ വിഷയത്തെ കൈകാര്യം ചെയ്യേണ്ട പൊലീസ് അസത്യം പറയുകയും മർദ്ദിക്കുകയും ചെയ്ത നടപടി എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

വിദ്യാർത്ഥികളെ വലിച്ചിഴച്ച്‌ പുറത്തു കൊണ്ടുപോകാൻ ശ്രമിച്ചതിന് സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും രക്ഷകർത്താക്കളും സാക്ഷികളാണ്. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് മർദ്ദനത്തെ തുടർന്ന് സ്കൂള്‍ അധികൃതർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കെഎസ്‌യു സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment